ശ്രീകൃഷ്ണ ജയന്തി ആഘോഷനിറവില്‍ നാട് . ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിരത്തുകളെ അമ്പാടിയാക്കിമാറ്റാന്‍ ഇനി മണിക്കൂറുകള്‍ മാത്രംബാക്കി. ഗുരുവായൂരും അമ്പലപ്പുഴയിലും ആറന്മുളയിലും കണ്ണനെ കാണാന്‍ വന്‍ ഭക്തജനത്തിരക്കാണ്. വൈകിട്ട് സംസ്ഥാനത്ത്് വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും.
അഷ്ടമി രോഹിണിനാളില്‍ കണ്ണനെ കണ്ണുനിറച്ച് കാണാന്‍ പുലര്‍ച്ചെ മുതല്‍ ഗുരുവായൂരിലേക്ക് ഭക്തരെത്തി. ക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനത്തോടെ അഷ്ടമി രോഹിണി മഹോല്‍സവ ചടങ്ങുകള്‍ തുടങ്ങി. മമ്മിയൂർ ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂരിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചു . 200 ഓളം വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്.
ഉണ്ണിക്കണ്ണനെ തൊഴാന്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി സന്നിധിയിലേക്ക് പുലർച്ചെ മുതൽ ഭക്തരെത്തി. നങ്ങ്യാർകൂത്ത്, ഗരുഡവാഹന എഴുന്നെള്ളിപ്പ്, നവകാഭിഷേകം, എന്നിവയും നടന്നു. രാവിലെ 9 മുതൽ ഉറിയടി ഘോഷയാത്ര നടന്നു. വൈകിട്ട് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭായാത്രയുമുണ്ട്. ആറന്മുള ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. 501 പറ അരിയുടെ വള്ളസദ്യയാണ് ഒരുക്കിയത്. മന്ത്രിമാരായ വീണ ജോര്‍ജും വിഎസ് എന്‍ വാസവനും ചടങ്ങില്‍ പങ്കെടുത്തു.