കിളിമാനൂരിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ പാറശ്ശാല എസ്.എച്ച്.ഒ. പി. അനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. റൂറൽ എസ്.പി. ദക്ഷിണമേഖല ഐ.ജിക്ക് നൽകിയ റിപ്പോർട്ടിലാണ് ഈ ശുപാർശ. ഗുരുതരമായ കൃത്യവിലോപമാണ് അനില്‍കുമാറിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കിളിമാനൂർ സ്വദേശി രാജനെ കാറിടിച്ചത്  പാറശ്ശാല എസ്.എച്ച്.ഒ. പി. അനിൽകുമാറാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടമുണ്ടാക്കിയതിന് ശേഷം തിരുവല്ലം ടോൾ പ്ലാസയിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ കാർ ഓടിച്ചത് അനിൽകുമാറാണെന്ന് വ്യക്തമാണ്. വാഹനം അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയത് ഗുരുതരമായ അനാസ്ഥയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 

പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ പോലും തയ്യാറാകാതെ പോയ പൊലീസുകാരൻ ക്രൂരമനസ്സോടെയാണ് പെരുമാറിയതെന്നാണ് രാജന്റെ കുടുംബം ആരോപിക്കുന്നത്. അനിൽകുമാർ കുറ്റം സമ്മതിച്ചെങ്കിലും, "വാഹനം ഇടിച്ചയാൾ എഴുന്നേറ്റു നിൽക്കുന്നത് കണ്ടതിനാൽ വണ്ടി നിർത്താതെ പോയതാണ്" എന്ന വിചിത്രമായ വിശദീകരണമാണ് നൽകിയത്. "പാവപ്പെട്ടവരായതിനാൽ പൊലീസ് തങ്ങളെ അവഗണിക്കുകയാണ്" എന്ന് രാജന്റെ സഹോദരി മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Kilimanoor accident involves a road accident and the subsequent suspension recommendation for a police officer. This incident highlights concerns about police negligence and the handling of road accidents in Kerala.