അമീബിക് മസ്തിഷ്ക ജ്വര പഠനത്തേക്കുറിച്ചുള്ള ആരോഗ്യ മന്ത്രിയുടെ വാദങ്ങൾ തെറ്റെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ വിദഗ്ധർ. 2013 ൽ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്തെ പഠനമെന്ന് പറഞ്ഞ് മന്ത്രി സമൂഹമാധ്യത്തിൽ പങ്കുവച്ച പഠന രേഖ പ്രസിദ്ധീകരിച്ചത് 2018 ലാണ്. 2013 ൽ തന്നെ അ മീബിക് മസ്തിഷ്ക ജ്വരത്തേക്കുറിച്ചുള്ള പഠനങ്ങൾ നടന്നുവെന്നും കണ്ടെത്തലുകളിൽ അന്നത്തെ യു.ഡി.എഫ് സർക്കാർ ഒന്നും ചെയ്തില്ലെന്നും സമർഥിക്കാനുളള മന്ത്രിയുടെ ശ്രമമാണ് പൊളിഞ്ഞത്.
കെട്ടിക്കിടക്കുന്ന വെളളത്തില്‍ നിന്നാണ് അമീബ മനുഷ്യശരീരത്തില്‍ കയറുന്നതെന്നായിരുന്നു അടുത്തകാലം വരെ ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. എന്നാല്‍ കിണര്‍വെളളമോ പൈപ്പ് വെളളമോ ഉപയോഗിക്കുന്നവര്‍ക്കും രോഗബാധ കണ്ടെത്തി. ഉറവിടം കണ്ടു പിടിക്കുന്നതില്‍ ആരോഗ്യവകുപ്പ് തികഞ്ഞ പരാജയമെന്ന വിമര്‍ശനം ഉയരുന്നതിനിടെ വിചിത്ര ന്യായീകരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തി.
2013ല്‍ യുഡിഎഫ് ഭരണകാലത്ത് തന്നെ അമീബ കിണര്‍ വെളളത്തില്‍ നിന്ന് പകരുമെന്ന് കണ്ടെത്തിയെന്നും എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നുമായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരുടെ പഠന റിപ്പോര്‍ട്ടും 2013 ലേതെന്ന് പറഞ്ഞ് മന്ത്രി പങ്കുവച്ചു. എന്നാൽ ഇന്ത്യൻ ജേണൽ മൈക്രോബയോളജി റിസർച്ചിൽ പ്രസിദ്ധീകരിച്ച യഥാർഥ പഠന രേഖ പുറത്തു വന്നപ്പോൾ അതിലെ പ്രസിദ്ധീകരണ തീയതി 2018 ആണെന്ന് വ്യക്തമായതോടെ മന്ത്രി വെട്ടിലായി.
പ്രസിദ്ധീകരിക്കാത്ത പഠന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വച്ച് എങ്ങനെ യുഡിഎഫ് സര്‍ക്കാര്‍ നടപടിയെടുക്കും? പ്രസിദ്ധീകരിച്ച 2018 മുതല്‍ അധികാരത്തിലുളള എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്തു ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കേണ്ടി വരും. മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പ്രസിദ്ധീകരണ തീയതി ഒഴിവാക്കിയത് ബോധപൂർവം തെറ്റിദ്ധരിപ്പിക്കാനാണെന്നും ആരോപണമുയരുന്നു. 2013 ന് ശേഷം കഴിഞ്ഞ 9 വർഷത്തിലേറെയായി എല്‍ഡിഎഫ് ആണ് ഭരിക്കുന്നതെന്നും എന്നിട്ടും പഠന റിപ്പോർട്ട്
മന്ത്രി കണ്ടില്ലേ എന്നുമാണ് സമൂഹ മാധ്യമങ്ങളിലെ പരിഹാസ ചോദ്യം.