ജീവനൊടുക്കിയ മുന്‍ ഡിഡിസി പ്രസിഡന്‍റ് എന്‍.എം.വിജയന്‍റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പില്‍ കോണ്‍ഗ്രസിനെതിരെ പരാമര്‍ശം. ഇന്ന് ഉച്ചയോടെ പുല്‍പ്പള്ളിയിലെ വീട്ടില്‍ വെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പത്മജ നിലവില്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. 'കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇരകൂടി' എന്നാണ് പത്മജ കുറിച്ചത്. 

ഇന്നലെ കോണ്‍ഗ്രസിനും കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖിനുമെതിരെ പത്മജ രംഗത്തുവന്നിരുന്നു. എഗ്രിമെന്‍റ് പ്രകാരമുള്ള പണം പാര്‍ട്ടി തന്നില്ലെന്നും തന്‍റെ ഭര്‍ത്താവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടി.സിദ്ദിഖ് പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ ആരോപിച്ചു. 

ജൂണ്‍ 30നുള്ളില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് എഗ്രിമെന്‍റ് ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ആ എഗ്രിമെന്‍റ് എഴുതിച്ച അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എം.എല്‍.എയുടെ പി.എ അത് വാങ്ങിക്കൊണ്ടു പോയെന്നും പത്മജ ആരോപിച്ചു. സണ്ണി ജോസഫിന് പഠിക്കാനാണ് എഗ്രിമെന്‍റ് കൊണ്ടുപോയതെന്നാണ് എം.എല്‍.എ പറഞ്ഞത്. കള്ളന്‍മാര് വെള്ളയും വെള്ളയുമിട്ട് നടക്കുന്നുവെന്നും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ മരിക്കുന്നുവെന്നും പത്മജ ഇന്നലെ പറഞ്ഞിരുന്നു.

അതേ സമയം എന്‍.എം.വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. അത് കരാറിന്‍റെയോ കേസിന്റെയോ അടിസ്ഥാനത്തിലുമല്ല. ആവശ്യപ്പെടുന്ന മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ പണമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

Padmaja's suicide note accuses Congress of betrayal. The note and subsequent suicide attempt highlight allegations against the party and a local MLA regarding financial promises and support.