മൂവാറ്റുപുഴ കല്ലൂര്‍കാട് ചാറ്റുപാറ പൊമ്പനാല്‍ പ്രദീപിന്‍റെ മരണത്തില്‍ സുഹൃത്തും അയല്‍വാസിയുമായ നാഗപ്പുഴ പ്ലാമൂട്ടില്‍ ജോമിന്‍ ജോസ് അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നിനാണ് പ്രദീപിനെ റോഡരികില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. പാണംകുട്ടിപ്പാറ–തോണിക്കുഴി റോഡിലാണ് പ്രദീപ് വീണ് കിടന്നിരുന്നത്.
നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ പ്രദീപിനെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എങ്ങനെയാണ് പ്രദീപിന് പരുക്കേറ്റതെന്ന് വ്യക്തതയുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പരുക്കുകള്‍ വാഹനമിടിച്ചുണ്ടായതാണെന്ന് സ്ഥിരീകരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. പ്രദീപ് പരുക്കേറ്റ് വീണുകിടന്ന റോഡിലും വാഹനാപകടത്തിന്‍റെ ലക്ഷണങ്ങളുണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. അപകടം നടന്നതിന് അധികം അകലെയല്ലാത്ത വര്‍ക്ക്ഷോപ്പില്‍ നിന്ന് ഇടിച്ച വാഹനം കണ്ടെത്തുകയും ചെയ്തു. കാറിന്‍റെ ഉടമയെ തേടിയുള്ള അന്വേഷമാണ് മരിച്ച പ്രദീപിന്‍റെ അയല്‍വാസിയും സുഹൃത്തുമായ ജോമിനില്‍ അവസാനിച്ചത്.
ചോദ്യം ചെയ്യലില്‍ ജോമിന്‍ കുറ്റം സമ്മതിച്ചു. തന്‍റെ കാറാണ് പ്രദീപിനെ ഇടിച്ച് തെറിപ്പിച്ചതെന്നും പേടിച്ചിട്ടാണ് വിവരം മറച്ചുവെച്ചതെന്നുമാണ് ജോമിനിന്‍റെ മൊഴി. പ്രദീപ് പരുക്കേറ്റ് റോഡരികില്‍ കിടക്കുന്ന വിവരം നാട്ടുകാരെ അറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മുന്‍കയ്യെടുത്തതും ജോമിനാണ്. പ്രദീപിനെ ഇടിച്ചിട്ട ശേഷം കാര്‍ സുഹൃത്തിന്‍റെ വര്‍ക്ക് ഷോപ്പില്‍ കൊണ്ടിട്ട ശേഷമാണ് ജോമിന്‍ മടങ്ങിയെത്തിയത്.
പ്രദീപിന്‍റെ മരണത്തിലേക്ക് നയിച്ച അപകടത്തിന് കാരണക്കാരന്‍ ജോമിനാണെന്ന് അറിഞ്ഞതോടെ നാട്ടുകാരും പ്രതിഷേധവുമായെത്തി. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന വര്‍ക്ക് ഷോപ്പിലടക്കം നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. ജോമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെയാണ് നാട്ടുകാര്‍ സ്ഥലത്തു നിന്ന് പിരിഞ്ഞത്. കുത്തനെയുള്ള കയറ്റത്തിനിടെ ജോമിന്‍റെ കാറിന് മുന്നില്‍ പ്രദീപ് പെടുകയും അബദ്ധത്തില്‍ ഇടിച്ചെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍.