TOPICS COVERED

ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന  വന്യജീവികളെ വെടിവച്ചു കൊല്ലാന്‍  വ്യവസ്ഥ ചെയ്യുന്ന ബില്ലുമായി സര്‍ക്കാര്‍. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ പാസാക്കാന്‍ ലക്ഷ്യമിടുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് ഇന്ന് ചേരുന്ന മന്ത്രിസഭയോഗം അംഗീകാരം നല്‍കും. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ബില്ലെന്നും ആക്ഷേപമുണ്ട്. 

രണ്ടാം പിണറായി സര്‍ക്കാരിന്റ കാലത്ത് 178 പേരാണ് ഇതുവരെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മലയോരമേഖലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും കേ ന്ദ്ര നിയമത്തിലെ നൂലാമാലകള്‍ നിരത്തി കൈകഴുകുകയാണ് സര്‍ക്കാര്‍ ചെയ്തത്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ സര്‍ക്കാര്‍ നിലപാട് മാറ്റി. 

പിന്നാലെ നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  ഇ പി ജയരാജന്‍ നയിച്ച കര്‍ഷകസംഘത്തിന്റ  മലയോര ജാഥ.അതിന്റ  തുടര്‍ച്ചയാണ് നിയമത്തിലെ ഭേദഗതി. മനുഷ്യനെ കൊന്നാലും മൃഗത്തെ കാമറ സ്ഥാപിച്ച് നിരീക്ഷിച്ച്ജീവന് ഭീഷണിയാകാത്ത തരത്തില്‍ മയക്കുവെടി വച്ച് പിടിച്ച് മറ്റൊരിടത്ത് വിടണമെന്നാണ് നിലവിലെ കേന്ദ്രനിയമം.എന്നാല്‍ അത്തരം മൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്ല്. ജില്ലാ കലക്ടര്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വെടിവച്ച് കൊല്ലാന്‍ ശുപാര്‍ശ ചെയ്യാം.കാട്ടുപന്നിയേയും കുരങ്ങിനേയും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരവും ബില്ലിലുണ്ട്. നിയമസഭ പാസാക്കിയാലും രാഷ്ട്രപതി അംഗീകരിച്ചാലേ നിയമമാകു. ഒന്‍പതുവര്‍ഷം  മിണ്ടാതിരുന്നവര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബില്ല് കൊണ്ടുവരുന്നത് വോട്ടില്‍ കണ്ണുവച്ചാണന്നും ആക്ഷേപമുണ്ട്. 

ENGLISH SUMMARY:

The Wildlife Protection Amendment Bill is set to be approved, aiming to allow the shooting of wild animals posing a threat to human life. This move comes amidst criticisms of the government's delayed response to escalating man-animal conflicts and accusations of political opportunism ahead of elections.