CPI സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന സ്വയം വിമർശനത്തേക്കാളും കഷ്ടമാണ് കള്ള് വ്യവസായത്തിന്റെ അവസ്ഥ. സർക്കാർ വിദേശമദ്യത്തിനു പിന്നാലെ പോയപ്പോൾ കള്ള് വ്യവസായം പാടെ തകർന്നു. അര ലക്ഷത്തോളം തൊഴിലാളികളാണ് അരപട്ടിണിയിൽ കഴിയുന്നത്..
പതിവു പോലെ ജഗദീഷ് രാവിലെയെത്തി. തെങ്ങായ തെങ്ങാക്കെ നോക്കി. വിരലിലെണ്ണാവുന്നതിൽ നിന്ന് ചെത്തി കള്ളെടുത്തു. കുറേ കാലങ്ങളായി ഇങ്ങനെയാണ്. ചെത്തലും ഷാപ്പിൽ കൊടുക്കലുമൊക്കെ വെറുതെയാണ് കള്ളു വ്യവസായം പൂർണമായും തകർന്ന മട്ടാണ്. സർക്കാർ വിദേശ മദ്യത്തിനു പിന്നാലെ പോയതോടെ ജഗദീഷിനെ പോലെയുള്ള കുറേ മനുഷ്യർ വറുതിയിലായി. കള്ളുഷാപ്പുകളുടെ അവസ്ഥ ദാ ഇങനെയാണ്, വരുമാനമില്ല. ബവ്റിജസ് ഔട്ലെറ്റുകളും ബാറുകളും എണ്ണത്തിൽ പെരുകുമ്പോൾ ഷാപ്പായ ഷാപ്പൊക്കെ പൂട്ടികെട്ടി. 5901 ഷാപ്പുകളുണ്ടായിരുന്ന കേരളത്തിൽ ഇനി ബാക്കിയുള്ളത് 3600 എണ്ണം. അതിൽ തന്നെ 800 എണ്ണം അടഞ്ഞു കിടക്കുകയാണ്. മിക്കതും പൂട്ടിയത് പിണറായി കാലത്ത്. കൂടുതലും പാലക്കാട്ട്.
ബവ്റിജസ് ജീവനക്കാർക്ക് ഓണത്തിനു ലക്ഷങ്ങൾ ബോണസായി നൽകിയപ്പോൾ ഈ മേഖലയിലെ അരലക്ഷത്തോളം തൊഴിലാളികൾക്ക് അരവയറാണ് മിച്ചം. വരവ് ഇല്ലെങ്കിലും എല്ലാ വർഷവും ലൈസൻസ് പുതുക്കാനും വെൽഫെയർ ഫണ്ടിലേക്കുമായി സർക്കാരിലേക്ക് നിശ്ചിത തുക നൽകണം. വിദേശമദ്യശാലകൾക്കുള്ള നിയന്ത്രണങ്ങൾ സർക്കാർ ഓരോ ഘട്ടത്തിൽ നീക്കുമ്പോഴും കള്ളുഷാപ്പുകൾക്ക് നിയന്ത്രണം കടുപ്പിച്ചു. ഇടയ്ക്ക് നീര പദ്ധതി കൊണ്ടുവന്നെങ്കിലും അതും വെളിച്ചം കണ്ടില്ല.