സംസ്ഥാനത്തെ വാർഡ് വിഭജനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ ക്യു ഫീൽഡ് മാപ്പിൽ ക്രമക്കേട്. കാസർകോട് പള്ളിക്കര പഞ്ചായത്തിൽ വോട്ടർ പട്ടിക തിരിമറി ആരോപണം ഉയർന്ന വാർഡുകളുടെ അതിർത്തിയിൽ മാറ്റം വന്നു. വാർഡ് അതിർത്തികളിൽ ഇനി ഒരു മാറ്റത്തിനും സാധ്യതയില്ല എന്നിരിക്കുകയാണ് ആരോപണം ഉയർന്ന 6, 19 വാർഡുകളുടെ അതിർത്തി മാറിയത്
കഴിഞ്ഞ ഓഗസ്റ്റ് 12നാണ് അന്തിമ വോട്ടർപട്ടിക ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. കാസർകോട് പള്ളിക്കര പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടന്ന യുഡിഎഫ് ആരോപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. അന്തിമമായി പ്രസിദ്ധീകരിച്ച ക്യൂ ഫീൽഡ് മാപ്പ് അതിർത്തി പ്രകാരം പത്തൊമ്പതാം വാർഡിലുള്ള 94 വോട്ടുകൾ സമീപത്തെ വാർഡുകളിലേക്കും , ആറാം വാർഡ് അതിർത്തിയിലുള്ള 383 വോട്ടുകൾ നാലാം വാർഡിലേക്ക് മാറ്റിയെന്നും ആയിരുന്നു പരാതി.
ജില്ലാ വരണാധികാരിക്കും, ഹൈക്കോടതിയിലേക്കും പരാതി എത്തിയതോടെ നടന്നത് വിചിത്ര സംഭവമാണ്. ഇനി ഒരിക്കലും മാറ്റാൻ ആകില്ല എന്ന ഇലക്ഷൻ കമ്മീഷൻ പറയുന്ന മാപ്പിന്റെ അതിർത്തികളിൽ മാറ്റം സംഭവിച്ചിരിക്കുന്നു. വെബ്സൈറ്റ് പരിശോധിക്കുമ്പോൾ കഴിഞ്ഞ ഒമ്പതാം തീയതി ഒരു അപ്ഡേറ്റ് നടന്നതായി കാണാം.
കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകുന്നതിനായി എടുത്ത മാപ്പിന്റെ സ്ക്രീൻഷോട്ടില്‍ നിന്ന് തന്നെ വ്യത്യാസം പ്രകടമാകും. ആറാം വാർഡിൻറെ പടിഞ്ഞാറ് അതിർത്തി ബേക്കൽ പെരിയാട്ടടുക്കം റോഡിൽ നിന്നും മുക്കുണ്ട് പാലം വരെയാണ്. അന്തിമ വോട്ടർ പട്ടിക ആമുഖത്തിലും അങ്ങനെതന്നെ. എന്നാൽ ഇപ്പോൾ മാപ്പിൽ പറയങ്ങാനം റോഡാണ് അതിർത്തി. ഇവിടെ 383 വോട്ടുകളെ കുറിച്ചാണ് പരാതിയുള്ളത്.
പത്തൊമ്പതാം വാർഡിൽ കിഴക്ക് തോട്ടം ജംഗ്ഷൻ മുതൽ മുക്കൂട് വരെയാണ് അതിർത്തിയെന്ന് ആമുഖത്തിൽ പറയുന്നു. എന്നാൽ നിലവിലെ മാപ്പിൽ തോട്ടം ജംഗ്ഷൻ മുതൽ പെരിയ പൂച്ചക്കാട് റോഡ് തുടങ്ങുന്നത് വരെയാണ് അതിർത്തി.
അന്തിമമായി വന്ന മാപ്പിൽ ഒരു മാറ്റവും സാധ്യമല്ല എന്നാണ് ഇലക്ഷൻ കമ്മീഷൻ പറയുന്നത്. ഇനി മാറ്റം വരണമെങ്കിൽ നിരവധി ഉദ്യോഗസ്ഥർ അറിഞ്ഞ്, ഗസറ്റിൽ പബ്ലിഷ് ചെയ്യുന്നതുൾപ്പെടെയുള്ള വലിയ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുമുണ്ട്. ഇവയൊന്നും നടന്നതായി കമ്മീഷന് അറിവില്ല.
അതിർത്തി മാറി മറ്റു വാർഡുകളിൽ വോട്ട് ചേർത്തു എന്ന യുഡിഎഫിന്റെ ആരോപണം അസാധുവായി പക്ഷേ. അന്തിമ വോട്ടർ പട്ടികയും മാപ്പും വന്നശേഷം എങ്ങനെയാണ് അതിർത്തി മാറിയതെന്ന ഗുരുതര വിഷയമാണ് ഉയരുന്നത്.