ബിഹാറിനു പിറകെ കേരളത്തിലും എസ്.ഐ.ആര്‍ വരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവാദം നല്‍കിയാലുടന്‍ നടപടികള്‍ക്ക് ആരംഭിക്കും.  പ്രത്യേക വോട്ടർ പട്ടികാ പരിശോധനയെ കുറിച്ച് വലിയ വിമര്‍ശനം രാജ്യവ്യാപകമായി ഉയരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും ഇതേ പ്രക്രിയക്ക് തുടക്കമാകുന്നത്.  

പ്രത്യേക വോട്ടർ പട്ടികാ പരിശോധനയും തിരുത്തലും ലക്ഷ്യമിടുന്ന എസ്‌ ഐ ആർ കേരളത്തിലും  നടപ്പാക്കും.

ഒരുക്കങ്ങളിലേക്ക് കടക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകിക്കഴിഞ്ഞു.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അന്തിമ അനുമതി കിട്ടിയാൽ ഉടൻ  എസ് ഐ ആർ എന്ന പ്രത്യേക വോട്ടർ പട്ടിക റിവിഷൻ ആരംഭിക്കും.സംസ്ഥാനത്ത്  എസ്‌ ഐ ആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. 

കൂടാതെ മാധ്യമങ്ങൾക്കും പ്രക്രിയയുടെ വിശദാംശങ്ങൾ നൽകും. വോട്ടര്‍ പട്ടിക സംബന്ധിച്ച് പരാതികള്‍ ഫയല്‍ ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇത്തരത്തില്‍ വ്യാജ ഐഡികളില്‍ നിന്ന് ആയിരക്കണക്കിന് പരാതികള്‍ ബീഹാറിലും കര്‍ണാടകത്തിലെ ചില മണ്ഡലങ്ങളിലും ഫയല്‍ചെയ്യപ്പെട്ടു എന്ന പരാതി പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. അതോടൊപ്പം പരിശോധനാ നടപടിക്രമം കുറ്റമറ്റതല്ലെന്ന ആരോപണവും ശക്തമാണ്. ലക്ഷകണക്കിനുപേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് എങ്ങിനെ ഒഴിവായി എന്നതും വലിയ ചോദ്യമായി അവശേഷിക്കുകയാണ്.  

വോട്ടര്‍ ഐഡിയായി കണക്കാക്കുന്ന രേഖകളില്‍ ആധാറുംഉള്‍പ്പെടുത്തിയേ മതിയാവൂ എന്ന് സുപ്രീം കോടതി പറഞ്ഞപ്പോഴാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുസരിക്കാന്‍ തയാറായത്. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ എസ്.ഐ.ആര്‍ വരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍സ്വീകരിക്കുന്ന ഓരോ നിലപാടും നിര്‍ണായകമാകും. 

ENGLISH SUMMARY:

After Bihar, 'SIR' is Coming to Kerala: Concerns Rise Over Special Voter List Revision