നാട്ടുകാരുടെ നെഞ്ചത്ത് കയ്യൂക്ക് കാണിക്കുന്ന പൊലീസുകാരെ നിയമം പഠിപ്പിക്കാനാണ് പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി രൂപീകരിച്ചത്. ആ അതോറിറ്റിയുടെ ചെയര്‍മാന്‍ നിയമലംഘനം കാണണമെങ്കില്‍ കാറിലേക്കൊന്ന് നോക്കിയാല്‍ മതി. വിരമിച്ച ഹൈക്കോടതി ജഡ്ജിയാണ് വി.കെ.മോഹനന്‍. പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി കൂടാതെ രണ്ട് ജുഡീഷ്യല്‍ കമ്മീഷന്‍റെ കൂടി ചെയര്‍മാന്‍. അതാണ് വെണ്ടക്കാ വലിപ്പത്തിലുള്ള ബോര്‍ഡ്. എന്തൊക്കെയായാലും കാറില്‍ ബീക്കണ്‍ ലൈറ്റ് വെക്കാന്‍ ഒരു അധികാരവുമില്ല.
പണ്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ക്കുമൊക്കെ ബീക്കണ്‍ ലൈറ്റ് വെക്കാമായിരുന്നു. 2017ല്‍ സൂപ്രീംകോടതി അത് അവസാനിപ്പിച്ച് പൊലീസും ഫയര്‍ഫോഴ്സും ആംബുലന്‍സും പോലുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാത്രമായി ചുരുക്കി. മുഖ്യമന്ത്രിയടക്കം എല്ലാവരും അത് ഉപേക്ഷിച്ചെങ്കിലും മുന്‍ ജഡ്ജിയായ വി.കെ.മോഹനന്‍ സുപ്രീംകോടതി ഉത്തരവിനോട് പുച്ഛമാണ്.
ബുധനാഴ്ച തിരുവനന്തപുരം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോളാണ് ബീക്കണ്‍ ലൈറ്റിന്‍റെ ദൃശ്യങ്ങളെടുത്തത്. അത് കണ്ടതോടെ മാധ്യമപ്രവര്‍ത്തരുടെ കണ്ണൊന്ന് തെറ്റിയ സമയംകൊണ്ട് ബീക്കണ്‍ അഴിച്ചുമാറ്റി. പക്ഷെ പിറ്റേദിവസം പൂവാറിലെത്തിയപ്പോള്‍ വീണ്ടും ലൈറ്റ് വെച്ചു. അതായത് ചെയ്യുന്നത് നിയമലംഘനമാണെന്ന് പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി ചെയര്‍മാന് തന്നെ അറിയാമെന്ന് വ്യക്തം.