പണം വാങ്ങി ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കി കുരുക്കില്‍പെട്ടവര്‍ പരാതിയുമായി മുന്നോട്ട് വന്നാല്‍ കേസെടുക്കുമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി. സൈബര്‍ തട്ടിപ്പിലെ ഇടനിലക്കാരെ പിടികൂടാന്‍ ഇത് സഹായിക്കുമെന്ന് എസ്.പി മനോരമ ന്യൂസിനോട് പറ‍ഞ്ഞു.

മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ് വഴി വയനാട്ടിലെ നിരവധി യുവാക്കള്‍ സൈബര്‍ കേസിന്‍റെ ഭീഷണിയിലാണെന്ന വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്. പണം വാങ്ങി ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കിയവര്‍ ഒടുവില്‍ ഇതര സംസ്ഥാനങ്ങളിലെ സൈബര്‍ കേസുകള്‍ വരുമ്പോള്‍ കുരുക്കിലാകുകയാണ്. ഇവര്‍ ഒരേസമയം പ്രതികളും ഇരകളുമാകുന്ന അവസ്ഥ. ഇടനിലക്കാരെ ഭയന്നാണ് പലരും പരാതി പറയാത്തത്. ഇത്തരം സംഭവങ്ങളില്‍ പരാതിക്കാര്‍ മുന്നോട്ടുവന്നാല്‍ കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി മനോരമ ന്യൂസിനോട് പറഞ്ഞു.

  നാഗാലാന്‍ഡ്, ലക്നൗ, ഡെറാഡൂണ്‍ എന്നിവിടങ്ങളിലെ സൈബര്‍ പൊലീസാണ് വയനാട്ടിലെ പല ഇടങ്ങളിലായി കേസെടുത്തിരിക്കുന്നത്. താത്കാലിക ലാഭത്തിന് വേണ്ടി ചെറുപ്പക്കാരും കോളജ് വിദ്യാര്‍ഥികളും ഇത്തരം തട്ടിപ്പില്‍ പെടരുതെന്ന മുന്നറിയിപ്പാണ് പെലീസും സൈബര്‍ വിദഗ്ധരും നല്‍കുന്നത്.

ENGLISH SUMMARY:

Cyber fraud cases are increasing, particularly concerning bank accounts used for illegal activities. Many young people in Wayanad are facing cybercrime threats due to mule account scams; police encourage victims to come forward.