rahul-friends

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സുഹൃത്തുക്കളും പ്രതികള്‍. വ്യാജ കാര്‍ഡ് ഉണ്ടാക്കിയതില്‍ സുഹൃത്തുക്കള്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഇവരുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് നേരത്തെ പരിശോധന നടത്തിയിരുന്നു. വ്യാജ കാർഡ് വിതരണത്തിനായി 'കാര്‍ഡ് കലക്ഷന്‍ ഗ്രൂപ്പ്' എന്ന പേരിലാണ് പ്രതികള്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. 

വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കും. നേരത്തെ നോട്ടിസ് നല്‍കിയെങ്കിലും രാഹുല്‍ സാവകാശം തേടിയിരുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിലെ പ്രതികളുടെ ഫോണിൽ നിന്ന് ലഭിച്ച ശബ്ദരേഖയിൽ രാഹുലിന്‍റെ പേര് പരാമർശിച്ചതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നത്.

രാഹുലിന്‍റെ അടുത്ത സുഹൃത്തുക്കളായ നാലുപേരുടെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വ്യാജ തിരിച്ചറിയൽ രേഖ കേസില്‍ പൊലീസിന്‍റെ ആദ്യത്തെ ചോദ്യം ചെയ്യലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവർ വ്യാജ രേഖയുണ്ടാക്കിയതായി അറിയില്ലെന്നും, അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്‍റെ മൊഴി. 

അതേസമയം, യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകള്‍ ഉപയോഗിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.

ENGLISH SUMMARY:

Fake ID card case focuses on the Youth Congress election fraud. The investigation involves Rahul Mamkootathil and his associates in connection with the production and distribution of fake identification cards.