കണ്ണൂര്‍ മാടായിപ്പാറയിലെ പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിവാദമായതോടെ വിഷയത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ച് സിപിഎം. ജമാഅത്തെ ഇസ്ലാമിയും എഡ്സിപിഐയും ബിജെപിയും തമ്മിലുള്ള പോരിലേക്ക് വിഷയം കടന്നതോടെയാണ് സിപിഎമ്മും വിവാദത്തിലേക്ക് കടന്നത്തുന്നത്. വൈകിട്ട് പഴയങ്ങാടിയില്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് യോഗം ഉദ്ഘാടനം ചെയ്യും.
ജമാഅത്തെ ഇസ്ലാമി സംഘടനയായ ജിഐഓ മാടായിപ്പാറയില്‍ പലസ്തീന്‍ അനൂകുല മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതാണ് വിവാദങ്ങളുടെ തുടക്കം. സ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സ്വമേധയാ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ദേവസ്വം ഭൂമിയില്‍ അതിക്രമിച്ചുകയറിയെന്ന വാദവുമായി ബിജെപിയുമെത്തി. കേസെടുത്ത പൊലീസ് നടപടിയ്ക്കും ബിജെപി വാദത്തിനുമെതിരെ ഒടുവില്‍ എസ്ഡിപിഐയും രംഗപ്രവേശം ചെയ്തു. ഇതോടെയാണ് സിപിഎമ്മും വര്‍ഗീയതയ്ക്കെതിരെയെന്ന മുദ്രാവാക്യമുയര്‍ത്തി രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചത്.
ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും തുറന്നുകാട്ടുകയാണ് സിപിഎം ലക്ഷ്യം. മാടായിപ്പാറ എല്ലാവരും വന്നിരിയ്ക്കുന്ന സ്ഥലമാണെന്നും ജമാഅത്തെ ഇസ്ലാമിയും ബിജെപിയും മാടായിപ്പാറയുടെ പേരില്‍ വര്‍ഗീയത പടര്‍ത്താന്‍ ശ്രമിക്കുന്നുവെന്നുമാണ് സിപിഎം ഉയര്‍ത്താന്‍ പോകുന്ന രാഷ്ട്രീയ ആരോപണം. മാടായിപ്പാറ തകർക്കാൻ ജിഹാദി നീക്കം എന്നാണ് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ നടത്തിയ പലസ്തീൻ അനുകൂല പ്രകടനത്തെ ബിജെപി വിശേഷിപ്പിച്ചത്. കേസെടുത്ത പോലീസിനും ബിജെപിക്കും എതിരെ ഇന്നലെ എസ്ഡിപിഐ നടത്തിയ പ്രകടനത്തിൽ 39 പേര്‍ക്കെതിരെ കേസെടുത്തു.