ശബരിമല യുവതീപ്രവേശത്തെ എതിർത്തുകൊണ്ട് ഒരു സത്യവാങ്മൂലവും സുപ്രീംകോടതിയിൽ നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്. യുവതീപ്രവേശത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലമാണ് പ്രയാർ ഗോപാലകൃഷ്ണന്‍റെ കാലത്ത് നൽകിയത്. അഞ്ചുവർഷമായി ശബരിമലയിൽ എല്ലാ ആചാരങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പി.എസ്.പ്രശാന്ത് വ്യക്തമാക്കി. പന്തളം കൊട്ടാരം നിർവാഹസമിതിയുമായി നല്ല ബന്ധമാണ് ദേവസ്വം ബോര്‍ഡിനുള്ളത്. ശബരിമല പ്രക്ഷോഭകാലത്തെ കേസുകൾ പിൻവലിക്കണമെന്ന് കൊട്ടാരം പ്രതിനിധികൾ ആവശ്യം ഉന്നയിച്ചു. ഇത് ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് ഉറപ്പ് നൽകിയെന്നും പി.എസ്.പ്രശാന്ത് പറഞ്ഞു.
അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് നേരില്‍ ക്ഷണിച്ചിട്ടും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതില്‍ പന്തളം കൊട്ടാരം ഇതുവരെ മനസ്സുതുറന്നിട്ടില്ല. ഏത് സംഗമത്തിൽ പങ്കെടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം അടുത്താഴ്ച എടുക്കും. നിലവില്‍ ദേവസ്വം ബോർഡ് ആയി നല്ല ബന്ധമാണുള്ളതെന്നും പന്തളം കൊട്ടാരം പ്രതിനിധികൾ വ്യക്തമാക്കി.