മലപ്പുറം വണ്ടൂർ തിരുവാലിയിൽ മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 55 കാരി മരിച്ചതിൽ ഉറവിടം ഉറപ്പിക്കാനാവാതെ ആരോഗ്യവകുപ്പ്. മേലേക്കൊഴിക്കുറുമ്പ് സ്വദേശി ശോഭന കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികില്‍സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്.
കടുത്ത തലവേദനയെ തുടർന്ന് ഈ മാസം ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മേലേകോഴിപ്പറമ്പിലെ ശോഭനക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് മസ്തിഷ്ക ജ്വരമാണന്ന് സ്ഥിരീകരിച്ചത്. ജാഗ്രതയുടെ ഭാഗമായി തിരുവാലി പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ആരോഗ്യ ജനകീയ സമിതി യോഗം ചേർന്നു . രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്തെ അഞ്ചു വെള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാൽ കൃത്യമായ ഉറവിടം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യ പ്രവർത്തകർ ജനപ്രതിനിധികൾ, ആശ പ്രവർത്തകർ, അംഗൻവാടി - കുടുംബശ്രീ - സന്നദ്ധ സംഘടനാ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. രോഗം കൂടുതൽ പേരെ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്ന് ആരോഗ്യവകുപ്പിനോട് നിർദ്ദേശിച്ചതായി എ.പി. അനിൽകുമാർ എംഎൽഎ പറഞ്ഞു.
പഞ്ചായത്തിലെ മുഴുവൻ കിണറുകളും വരുന്ന 10,11 തീയതികളിൽ ക്ലോറിനേറ്റ് ചെയ്യും. പഞ്ചായത്തിലെ പൊതു കുളങ്ങൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.