പേരൂര്‍ക്കടയില്‍ വീട്ടുജോലിക്കാരിയായ ദലിത് യുവതി ബിന്ദുവിനെ വ്യാജ മാലമോഷണക്കേസില്‍ കുടുക്കിയതില്‍ വഴിത്തിരിവ്. കാണാതായ മാല ചവര്‍കൂനയില്‍ നിന്ന് കിട്ടിയെന്ന പൊലീസ് വാദം നുണ. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കണ്ടെത്തല്‍. മാല കിട്ടിയത് വീട്ടിലെ സോഫയില്‍ നിന്നാണ്. പരാതിക്കാരിയായ ഓമനയ്ക്ക് ഓര്‍മക്കുറവുണ്ട്. ബിന്ദുവിനെ മോഷ്ടാവാക്കാന്‍ കള്ളക്കഥയുണ്ടാക്കിയ എസ്എച്ച്ഒ ശിവകുമാറിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.
ബിന്ദുവിനെ ദേഹോപദ്രവം ഏൽപ്പിക്കാൻ എസ്എച്ച്ഒ നിർദ്ദേശിച്ചതായും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അനധികൃത കസ്റ്റഡിയിലും കള്ളക്കഥ മെനഞ്ഞതിലും എസ്എച്ച്ഒയ്ക്ക് പങ്കുണ്ടെന്നും കണ്ടെത്തി. ചെയ്യാത്ത കുറ്റത്തിന് മാനസിക സമ്മർദ്ദം അനുഭവിച്ച ബിന്ദുവിന് വൈകിയാണെങ്കിലും നീതി ലഭിച്ചതിന്റെ ആശ്വാസമുണ്ട്. എസ്എച്ച്ഒയെ പേരുക്കട സ്റ്റേഷനിൽ നിന്ന് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. വകുപ്പ് തല അന്വേഷണം തുടരും.
'രണ്ടു പൊട്ടിച്ചാൽ സത്യം പറയുമെന്ന്' എസ്എച്ച്ഒ പറഞ്ഞതായി ബിന്ദു മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. കുറ്റക്കാരി അല്ലെന്ന് തെളിഞ്ഞില്ലെങ്കിൽ ജീവൻ ഒടുക്കിയേനെ എന്നും ബിന്ദു പറഞ്ഞു. സ്റ്റേഷനിൽ വെച്ച് തന്നെ ഒരു മോഷ്ടാവായി ചിത്രീകരിച്ചെന്നും ചെയ്യാത്ത തെറ്റ് തന്റെ തലയിൽ വച്ച് കെട്ടിയെന്നും ബിന്ദു ആരോപിച്ചു. സോഫയുടെ അടിയിൽ നിന്ന് മാല കിട്ടിയെന്ന് പറഞ്ഞിട്ടും പ്രസാദും പ്രസന്നനും ചേർന്ന് തന്നെ കുടുക്കുകയായിരുന്നു. പ്രസാദും പ്രസന്നനുമാണ് തന്നെ വളരെയധികം വേദനിപ്പിച്ചത്. ഇവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്താൽ മാത്രം പോരാ, പിരിച്ചുവിടണം എന്നാണ് ബിന്ദുവിന്റെ ആവശ്യം. ഈ നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായും ബിന്ദു വ്യക്തമാക്കി.