image: www.facebook.com/sanalmovies

image: www.facebook.com/sanalmovies

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. ആലുവ കോടതിയാണ് ജാമ്യം നല്‍കിയത് . സനൽകുമാർ ശശിധരന്റെ മൊബൈൽ ഫോൺ എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത സനൽകുമാറിനെ ഇന്നലെ രാത്രിയാണ് എളമക്കര  എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിൽ എത്തിച്ചത്. വൈദ്യ പരിശോധനയ്ക്ക് ശേഷം സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തി. Also Read: രണ്ടുപേര്‍ പ്രേമിക്കുന്നത് തെറ്റാണോ?; ചോദ്യത്തിനു പിന്നാലെ പ്ലാറ്റ്ഫോമില്‍ വീണ് സനല്‍കുമാര്‍ ശശിധരന്‍

സ്ത്രീത്വത്തെ അപമാനിക്കുക, അപവാദ പ്രചാരണം നടത്തുക, വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ പരാതികളാണ് സനൽകുമാർ ശശിധരനെതിരെ നടി നൽകിയിട്ടുള്ളത്. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് സനല്‍കുമാര്‍ പറഞ്ഞു. പിന്തുടർന്നു ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് സനൽകുമാർ ശശിധരനെതിരെ ജനുവരിയിൽ കേസെടുത്തത്‌. സിറ്റി പൊലീസ് കമ്മിഷണർക്ക് നടി ഇ– മെയിലിൽ നൽകിയ പരാതി എളമക്കര പൊലീസിനു കൈമാറുകയായിരുന്നു. സംഭവത്തിൽ നടി പൊലീസിനു മൊഴി നൽകിയതാണ്. കേസെടുക്കുമ്പോൾ സനൽകുമാർ യുഎസിൽ ആയിരുന്നു. സനൽകുമാർ ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ്‌ പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ തുടർന്നാണു വിമാനത്താവളത്തിൽ തടഞ്ഞത്. 

തടഞ്ഞ കാര്യം ഇന്നലെ സനൽകുമാർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. നടിയെ ടാഗ് ചെയ്തും ലക്ഷ്യംവച്ചും നിരവധി പോസ്റ്റുകള്‍ സനല്‍കുമാര്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയെ അപകീർത്തിപ്പെടുത്തുന്ന തരം പോസ്റ്റുകൾ ഫെയ്സ്‌ബുക്കിൽ നിന്നു നീക്കാൻ പൊലീസ് നടപടിയെടുത്തിരുന്നു. മുൻപു സനലിനെതിരെ നൽകിയ പരാതിയിൽ കേസ് നിലനിൽക്കെ, വീണ്ടും പിന്തുടർന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണു നടി വീണ്ടും പൊലീസിനെ സമീപിച്ചത്. 2022ൽ സനൽകുമാറിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയും കോടതിയിൽനിന്നു ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Film director Sanal Kumar Sasidharan has been granted bail in the case related to allegations of insulting womanhood. His mobile phone had earlier been taken into custody by Elamakkara police. Sanal was detained at Mumbai airport on Saturday and brought to Kochi last night by a team led by the Elamakkara SHO. His arrest was recorded after a medical examination.