sanal-platform

ലുക്ക്ഔട്ട് നോട്ടിസിനെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ കൊച്ചിയിലെത്തിച്ചു. മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി സംസാരിക്കുന്നതിനിടെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ വീണു. പ്രശസ്ത നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരളപൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നത്. 

‘എന്തിനാണ് ഇവർ ഇത് ചെയ്യുന്നത് ? ഞാൻ എന്താ കൊലക്കുറ്റം ചെയ്തോ. ഞാൻ മോഷ്ടിച്ചോ. ഞാൻ ഖജനാവ് കൊള്ളയടിച്ചോ. ഞാൻ മാസപ്പടി വാങ്ങിയോ. ഞാൻ പ്രേമിച്ചു. രണ്ടു പേർ തമ്മിൽ പ്രേമിച്ചാൽ കുറ്റമാണോ. ഒരാളെ സ്നേഹിച്ചത് ആണോ ഞാൻ ചെയ്ത കുറ്റം. ഒരു സ്ത്രീയെ തടവിൽ വച്ചിരിക്കുകയാണെന്ന് പറഞ്ഞതുകൊണ്ട് പൊലീസ് എന്നെ പിടിച്ചിരിക്കുകയാണ്. എന്തിനാണ് ഇവർ ഇത് ചെയ്യുന്നത്’ എന്നു ചോദിച്ചതിനു പിന്നാലെയായിരുന്നു വീഴ്ച.

പിന്തുടർന്നു ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് സനൽകുമാർ ശശിധരനെതിരെ ജനുവരിയിൽ കേസെടുത്തത്‌. സിറ്റി പൊലീസ് കമ്മിഷണർക്ക് നടി ഇ– മെയിലിൽ നൽകിയ പരാതി എളമക്കര പൊലീസിനു കൈമാറുകയായിരുന്നു. സംഭവത്തിൽ നടി പൊലീസിനു മൊഴി നൽകിയതാണ്. കേസെടുക്കുമ്പോൾ സനൽകുമാർ യുഎസിൽ ആയിരുന്നു. സനൽകുമാർ ഇന്ത്യയിൽ എത്തുമ്പോൾ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ്‌ പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ തുടർന്നാണു വിമാനത്താവളത്തിൽ തടഞ്ഞത്. തടഞ്ഞ കാര്യം ഇന്നലെ സനൽകുമാർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. 

നടിയെ ടാഗ് ചെയ്തും ലക്ഷ്യംവച്ചും നിരവധി പോസ്റ്റുകള്‍ സനല്‍കുമാര്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നടിയെ അപകീർത്തിപ്പെടുത്തുന്ന തരം പോസ്റ്റുകൾ ഫെയ്സ്‌ബുക്കിൽ നിന്നു നീക്കാൻ പൊലീസ് നടപടിയെടുത്തിരുന്നു. മുൻപു സനലിനെതിരെ നൽകിയ പരാതിയിൽ കേസ് നിലനിൽക്കെ, വീണ്ടും പിന്തുടർന്നു ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണു നടി വീണ്ടും പൊലീസിനെ സമീപിച്ചത്. 2022ൽ സനൽകുമാറിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയും കോടതിയിൽനിന്നു ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Sanal Kumar Sasidharan, a film director, was arrested following a lookout notice issued by Kerala Police. The arrest stems from a complaint filed by a prominent actress alleging harassment and defamation.