പത്തനംതിട്ടയിലെ എസ്എഫ്ഐ നേതാവ് ജയകൃഷ്ണന്‍ തണ്ണിത്തോടിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം ഏറ്റിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത്. അന്നത്തെ കോന്നി സിഐ ആയിരുന്ന മധുബാബുവിനെതിരെ നടപടി നിര്‍ദേശിച്ച് 2016 ല്‍ എസ്പി ഹരിശങ്കര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. മധുബാബു ഇത്തരം കുറ്റകൃത്യം ആവര്‍ത്തിച്ച് ചെയ്യുന്നയാളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഡിഎഫ് ഭരണകാലത്ത് മധുബാബു തന്നെ ലോക്കപ്പ് മര്‍ദ്ദനത്തിനും മൂന്നാം മുറയ്ക്കും വിധേയനാക്കിയെന്നും ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചുവെന്നും മുളക് സ്പ്രേ അടിച്ചുവെന്നുമായിരുന്നു ജയകൃഷ്ണന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറഞ്ഞത്.
അതിനിടെ മധുബാബുവിനെതിരെ പരാതിയുമായി പത്തനംതിട്ട സ്വദേശി വിജയന്‍ ആചാരിയും രംഗത്തെത്തി. ജ്വല്ലറി ഉടമയായ തന്നെ മധുബാബു 24 കേസുകളില്‍പ്പെടുത്തിയെന്നും മോഷണ സ്വര്‍ണം താന്‍ വാങ്ങിയെന്ന് ആരോപിച്ചുവെന്നും വിജയന്‍ ആചാരി പറയുന്നു. തന്‍റെ കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ അടിച്ചുവെന്നും ലക്ഷങ്ങള്‍ ചെലവാക്കിയാണ് താന്‍ കേസ് നടത്തിയതെന്നും ഇന്ന് എല്ലാ കേസില്‍ നിന്നും കുറ്റവിമുക്തനായെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏഴ് സെന്‍റ് സ്ഥലവും ജ്വല്ലറിയും കേസ് നടത്തിപ്പിനായി ചെലവായെന്നും വിജയന്‍ പറയുന്നു.