കോട്ടയം ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ വച്ച് മകനെ മർദിച്ച് അവശനാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏറ്റുമാനൂർ സ്വദേശി രാജീവ്. മകൻ അഭയ് രാജീവിനെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നാണ് രാജീവ് പറയുന്നത്. അതേസമയം യുവാവ് അക്രമാസക്തനായപ്പോഴാണ് പൊലീസ് ഇടപെട്ടതെന്നും നിരവധി കേസുകളിൽ പ്രതിയാണെന്നുമാണ് പൊലീസ് വിശദീകരണം.
മാര്‍ച്ച് 20ന് ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സ്വകാര്യ ബസ് ഡ്രൈവറും ബൈക്ക് യാത്രികനായ അഭയ് രാജീവും തമ്മില്‍ തര്‍ക്കമുണ്ടായത്. വലിയ സംഘര്‍ഷത്തിലേക്ക് പോകുമെന്ന് തോന്നിയപ്പോള്‍ പൊലീസ് എത്തി. അഭയ്യെ മര്‍ദിച്ചു. പൊലീസ് മര്‍ദനത്തിനെതിരെ പരാതി നല്‍കുമെന്നായപ്പോള്‍ ദിവസങ്ങള്‍ക്ക് ശേഷം കേസില്‍ കുടുക്കിയെന്നും കുടുംബം ആരോപിക്കുന്നു. ഇതോടെ മർദനദൃശ്യങ്ങൾ സഹിതം അഭയ്യുടെ പിതാവ് രാജീവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പലവട്ടം പരാതികൾ നൽകി. നടപടി ഉണ്ടായില്ല. കേസ് നേരത്തെ ഹൈക്കോടതിയിൽ എത്തിയതാണെങ്കിലും വീണ്ടും ഏറ്റുമാനൂർ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്.അൻസിൽ, രഞ്ജിത്ത്, അനീഷ്, സൈഫുദ്ദീന്‍, ഡെന്നി പി.ജോയ് എന്നിവര്‍ക്കെതിരെയാണ് പരാതി.
അസഭ്യം പറഞ്ഞ് അക്രമാസക്തനായപ്പോള്‍ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റിയതാണെന്നും വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ അഭയ് പ്രതിയാണെന്നും പൊലീസ് വാദിക്കുന്നു. ഏറ്റുമാനൂര്‍ പൊലീസിന്‍റെ റൗഡി ലിസ്റ്റില്‍ അഭയ്യുടെ പേരുണ്ടെന്നും കാപ്പ കേസില്‍ ഉള്‍പ്പെട്ടതാണെന്നുമാണ് പൊലീസ് ഭാഷ്യം.
എന്നാല്‍ മകനെ കുടുക്കാന്‍ പൊലീസ് വ്യാജരേഖകള്‍ തയ്യാറാക്കിയെന്നും ഡോക്ടറുടെ മൊഴി വാങ്ങുകയും ഡോക്ടര്‍ പറയാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തുവെന്നും രാജീവ് പറയുന്നു. അഭയ് ലഹരിക്കടിമയാണെന്നും ആശുപത്രി തല്ലിപ്പൊളിച്ചുവെന്നുമാണ് പൊലീസ് എഴുതിച്ചേര്‍ത്തത്. തന്‍റെ മൊഴി തിരുത്തിയെന്ന് ഡോക്ടര്‍ നോട്ടറി നല്‍കിയത് കൈവശമുണ്ടെന്നും ഇത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചുവെന്നും രാജീവ് വെളിപ്പെടുത്തുന്നു.