പത്തനംതിട്ടയില്‍ പരാതിക്കാരിയായ യുവതിക്കു സമൂഹമാധ്യമത്തിലൂടെ മെസേജ് അയച്ചു ശല്യം ചെയ്ത കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. അടൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്‍ സുനിലിനാണ് സസ്പെന്‍ഷന്‍. മുന്‍പ് തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോളാണ് വാഹനാപകട കേസിലെ പരാതിക്കാരിക്കു സന്ദേശം അയച്ചത്. സംസ്ഥാന പൊലീസ് മേധാവിക്കായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്.
2022ൽ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയെ പരിചയപ്പെടുന്നത്. തുടർന്ന് വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും ‘ഗുഡ്മോണിങ്, ഗുഡ് നൈറ്റ്, സുഖമാണോ’ തുടങ്ങിയ മെസ്സേജുകൾ അയച്ചു എന്നാണ് പരാതി. 2024 ഡിസംബര്‍ 31, 2025 ജനുവരി 6, 22 തീയതികളിലും മെസേജ് അയച്ചുവെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയിൽ തിരുവല്ല പോലീസ് ആണ് കേസെടുത്തത്. തിരുവല്ല എഎസ്ഐ മിത്ര വി.മുരളി പരാതിക്കാരിയെ സന്ദർശിച്ചു മൊഴി എടുക്കുകയും ചെയ്തു. പിന്നാലെയാണ് നടപടിയുണ്ടായത്. തിരുവല്ലയിൽ ആയിരുന്ന സുനിൽ ഒരു മാസം മുൻപാണ് സ്ഥലം മാറി അടൂരിലെത്തിയത്.
അതേസമയം, രണ്ടു വനിതാ എസ്ഐമാർക്ക് മെസ്സേജ് അയച്ചതായി പരാതി വന്ന മുൻ എസ്പിക്കെതിരെ നടപടി ഇല്ലാത്തതും ഇപ്പോള്‍ സപിഒയ്ക്കെതിരെ നടപടിയെടുത്തതിലും സേനയ്ക്കുള്ളിൽ വിമർശനമുണ്ട്. സമാനമായ പരാതിയിൽ രണ്ടു ഉദ്യോഗസ്ഥർക്ക് രണ്ട് നീതി നടപ്പാകുന്നതിലാണ് പൊലീസുകാർക്കിടയിൽ അമർഷം മുറുകുന്നത്.
പത്തനംതിട്ട മുൻ എസ്പി വി.ജി.വിനോദ് കുമാറിന് എതിരെ രണ്ട് വനിതാ എസ്ഐമാരായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ കേസോ നടപടികളോ ഉണ്ടായിട്ടില്ല. രാത്രിയിൽ ‘പ്ലീസ് കാൾ മി’ എന്നതടക്കമുള്ള മെസേജുകൾ അയക്കുന്നു എന്നായിരുന്നു പരാതി. നിലവില്‍ എഐജിയാണ് വിനോദ് കുമാര്‍. ഡിഐജിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. വനിതാ എസ്ഐമാർക്കെതിരെ എഐജിയും പരാതി നൽകിയിട്ടുണ്ട്.