peechi-station-si

തൃശൂർ പീച്ചിയിലെ സ്റ്റേഷൻ മർദ്ദനത്തിലും സസ്പെൻഷൻ സാധ്യത തേടി പൊലീസ്. മർദിച്ച സമയത്ത് എസ് ഐയായിരുന്ന പി എം രതീഷ് ഇപ്പോൾ കൊച്ചി കടവന്ത്ര സ്റ്റേഷനിൽ സിഐയാണ്. രതീഷിനെ പ്രാഥമികമായി സസ്പൻഡ് ചെയ്യാനാണ് ആലോചന. രതീഷിനെതിരായ അന്വേഷണ റിപ്പോർട്ട് ദക്ഷിണ മേഖല ഐജിയുടെ ഓഫിസിൽ എട്ടുമാസമായി കുരുങ്ങിക്കിടക്കുകയാണ്. ഈ ഫയൽ പരിശോധിച്ച് വേഗത്തിൽ തീരുമാനമെടുക്കാൻ ഡിജിപി നിർദ്ദേശം നൽകി. ഇതോടെ വിഷയത്തില്‍ ഐജി ശ്യാംസുന്ദർ  ഇന്ന്  തീരുമാനമെടുത്തേക്കും. ആദ്യം നടത്തിയ അന്വേഷണത്തിൽ ഇപ്പോൾ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ തെളിവായി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നാണ് പോലീസ് വിശദീകരിക്കുന്നത്.

പരാതിക്കാരൻ വിവരാവകാശ കമ്മീഷനെ സമീപിച്ചത് മൂലം ഉണ്ടായ സാങ്കേതിക തടസമാണിതിന് കാരണം എന്നും പറയുന്നു. നിലവിൽ വിവരാവകാശ കമ്മിഷൻ ഉത്തരവ് വഴി സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദൃശ്യം കൂടി തെളിവായി ഉൾപ്പെടുത്തി സസ്പെൻഡ് ചെയ്യാൻ ആകുമോ എന്നാണ് പരിശോധിക്കുന്നത്. 

2023 മേയ് 24നാണ് പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരായ ഔസേപ്പിനെയും മകനെയും എസ്ഐയായിരുന്ന രതീഷ് മര്‍ദിച്ചത്. ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനം. പരാതി നല്‍കാനെത്തിയ തന്നെയും ഡ്രൈവറെയും ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിച്ചു. പിന്നാലെ ഫ്ലാസ്കിന് അടിക്കാന്‍ ആഞ്ഞുവെന്നും മുഖത്തടിച്ചുവെന്നും ഔസേപ്പ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചോദിക്കാന്‍ എത്തിയ മകനെ ലോക്കപ്പിലിട്ടും മര്‍ദിച്ചുവെന്നാണ് പരാതി. 

ENGLISH SUMMARY:

Police brutality is being investigated in Thrissur, Kerala. A police officer may face suspension following allegations of assault at the Peechi police station, with CCTV footage emerging as key evidence.