തൃശൂർ നഗരത്തിൽ നാളെ പുലി ഇറങ്ങും. ദേശവും ദേശക്കാരും അവസാന വട്ട ഒരുക്കത്തിലാണ്. പുലികൾ നാട്ടിലിറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നത് ദേഹത്ത് പുരട്ടിയിരിക്കുന്ന ചായത്തിലാണ്. കുട്ടൻകുളങ്ങര പുലിക്കളി സംഘത്തിന്റെ പുലിമടയിൽ ചായം ഉണ്ടാക്കുന്നതിനുള്ള പെയിൻറ് അരയ്ക്കൽ കാഴ്ചയിലേക്ക്.
പാട്ടും ആഘോഷവും, ആവേശവുമായി,കുട്ടൻകുളങ്ങര പുലിക്കളി സംഘത്തിന്റെ പുലിമടയിൽ പെയിന്റ് അരയ്ക്കൽ ആരംഭിച്ചു. വരകൾക്കും പുള്ളികൾക്കും വേണ്ട ചായം വർഷങ്ങളായി ഇവർ അരകല്ലിലാണ് അരച്ചെടുക്കാറുള്ളത്. പുലിക്കളി കാണാനെത്തുന്നവർ ഒരു പക്ഷേ വിചാരിക്കും ദേഹത്ത് പുരട്ടിയിരിക്കുന്ന ചായം ദോഷമുണ്ടാക്കുകയില്ലേ എന്ന്. എങ്ങനെയാണ് ചായം ഉണ്ടാക്കുന്നതെന്നും ഇതുകൊണ്ടുള്ള ഗുണമെന്താണെന്നും അവരോട് തന്നെ ചോദിക്കാം.
പുലിക്കളി എന്നത് കൂട്ടായ്മയുടെ കൂടി വിജയമാണ്. രാവിലെ മുതൽ ദേശക്കാർ വരും അരകല്ലിൽ അരയ്ക്കാൻ തുടങ്ങും രാത്രി വൈകിയേ കഴിയുകയുള്ളൂ. ചായത്തിന് പാകമാകുമ്പോൾ മാത്രമാണ് ഈ ജോലി നിർത്തുന്നത്. അതിനിടയിൽ പാട്ടും ആഘോഷവും കൂടിയാകുമ്പോൾ സമയം പോകുന്നത് അവർ അറിയുന്നില്ല.