പീച്ചി, കുന്നംകുളം പൊലീസ് സ്റ്റേഷൻ മർദനങ്ങളുടെ ചർച്ചകൾക്കിടെ, കോഴിക്കോട് കുറ്റിക്കാട്ടൂരിൽ പൊലീസ് മർദനത്തിനിരയായ ലീഗ് പ്രാദേശിക നേതാവ് മാമുക്കോയയും പരാതിയുമായി രംഗത്തെത്തി. 2024-ൽ നടന്ന സംഭവത്തിൽ മെഡിക്കൽ കോളേജ് സി.ഐയും എ.സി.പി.യും ചേർന്ന് തന്നെ മർദിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഫോണ്‍വിളിച്ചുനില്‍ക്കുമ്പോള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രകാരം, പൊലീസുകാർ മാമുക്കോയയെ കസ്റ്റഡിയിലെടുക്കുന്നതും അദ്ദേഹത്തെ മുഖത്തടിക്കുന്നതും കാണാം. ഈ ദൃശ്യങ്ങൾ സഹിതം കഴിഞ്ഞ വർഷംതന്നെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് മാമുക്കോയ പറയുന്നു. ആദ്യം മെഡിക്കൽ കോളേജ് പൊലീസ് പരാതി സ്വീകരിക്കാൻ പോലും തയ്യാറായില്ല. പിന്നീട് കമ്മീഷണർ ഓഫീസിൽ നേരിട്ട് പരാതി നൽകിയപ്പോൾ രസീത് നൽകുക മാത്രമാണ് ചെയ്തതെന്നും തുടർന്ന് അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നും മാമുക്കോയ ആരോപിച്ചു.
പൊലീസ് തന്നെ കിണറിനടുത്തേക്ക് കൊണ്ടുപോയി മർദിച്ചെന്നും, കൂടുതൽ അതിക്രമങ്ങൾ നേരിട്ടെന്നും അദ്ദേഹം പറയുന്നു. ഈ വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.