കൊച്ചി ചേരാനെല്ലൂരിൽ അപകടത്തിൽപ്പെട്ട കുതിര ചത്തു. അപകടത്തിന് ശേഷം രണ്ടു മണിക്കൂറോളം ചോര വാർന്ന് കുതിര റോഡിൽ കിടന്നു. അശ്രദ്ധമായി മൃഗത്തെ കൈകാര്യം ചെയ്തതിന് കുതിര സവാരി നടത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായ കുതിര സവാരിയെ തുടർന്ന് കണ്ടെയ്നർ ടെർമിനൽ റോഡിൽ ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു അപകടം.
കാറിടിച്ചുണ്ടായ അപകടത്തിനുശേഷം കാലിന് പരുക്കേറ്റ കുതിര രണ്ടുമണിക്കൂറോളം ചോരവാർന്ന് റോഡിൽ കിടന്നു. തുടർന്ന് ലോറിയിൽ കയറ്റി മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അങ്കമാലി പിന്നിട്ടതോടെ കുതിര ചത്തു. എറണാകുളം കുന്നുകര സ്വദേശിയുടെതാണ് കുതിര. ഇയാളിൽ നിന്നും വാടകയ്ക്ക് എടുത്ത് ഫത്തഹുദീൻ എന്നയാളാണ് കുതിര സവാരി നടത്തിയത്.
റിഫ്ലക്ടർ പോലുമില്ലാതെ നിയമം ലംഘിച്ച് ഇയാൾ രാത്രി കുതിരപ്പുറത്ത് സഞ്ചരിച്ചത്. ഇയാൾക്കെതിരെ ചേരാനല്ലൂർ പൊലീസ് കേസെടുത്തു. അശ്രദ്ധമായി മൃഗത്തെ കൈകാര്യം ചെയ്തെന്ന വകുപ്പ് ചുമത്തിയാണ് കേസ്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നിരുന്നു. കാറോടിച്ചയാൾക്കും പരുക്കുണ്ട്. 65,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.