കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെതിരെ കേസെടുത്തെന്നത് വ്യാജ പ്രചാരണമെന്ന് പൊലീസ്. കേസ് കോടതിവിധി ലംഘിച്ച് കൊടിതോരണം കെട്ടിയതിനാണെന്ന് പൊലീസ് അറിയിച്ചു. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രമുറ്റത്ത് പൂക്കളം ഇടുന്നതിന് ചൊല്ലി സംഘർഷമുണ്ടായിരുന്നു. ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ ഇട്ട പൂക്കളത്തിന് മുന്നിൽ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ബിജെപി അനുഭാവികൾ പൂക്കളമിടുകയായിരുന്നു. ക്ഷേത്രമുറ്റത്ത് കമ്മിറ്റി മാത്രമാണ് പൂക്കളം ഇടുന്നത് എന്നും മറ്റു പൂക്കളങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും കമ്മിറ്റി ഭാരവാഹികൾ നിലപാടെടുത്തു. എന്നാൽ വഴങ്ങാൻ ബിജെപി അനുഭാവികൾ കൂട്ടാക്കിയില്ല. ഇതോടെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ മനപ്പൂർവം സംഘർഷം ഉണ്ടാക്കാനാണ് പൂക്കളം ഇടുന്നത് കാണിച്ച് പോലീസിൽ പരാതി നൽകി.
പോലീസ് എത്തി പൂക്കളം മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മാറ്റാൻ ഇവർ കൂട്ടാക്കിയില്ല. ഇതോടെ പൂക്കളമിട്ട 25 ഓളം പേർ ക്കെതിരെ പോലീസ് കലാപഹ്വാനത്തിന് കേസെടുത്തു. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പൂക്കളത്തിനെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ മുൻപൊലീസ് മേധാവി ടി പി സെൻകുമാർ അടക്കമുള്ള ബിജെപി അനുഭാവികൾ രംഗത്തെത്തി