മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരകളായവര്‍ക്കായുള്ള നടന്‍ മോഹന്‍ലാലിന്‍റെ അതിജീവന പാക്കേജ് പ്രതിസന്ധിയില്‍. വീട് നിര്‍മാണവും തൊഴില്‍ പരിശീലനം അടക്കമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെട്ട പാക്കേജ് സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയില്ലാത്തതിനാല്‍ വഴിമുട്ടിയെന്ന് വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ മേജര്‍ രവി ആരോപിക്കുന്നു.
സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം വയനാടിന്‍റെ ദു:ഖവും ദുരിതവും നേരിട്ട് കണ്ടറിഞ്ഞ മോഹന്‍ലാല്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ വഴിയാണ് അതിജീവന പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചത്. ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടറും സംവിധായകനുമായ മേജര്‍ രവിയാണ് നടത്തിപ്പിന് മേല്‍നോട്ടം ഏറ്റെടുത്തത്. എന്നാല്‍ പദ്ധതിക്ക് സര്‍ക്കാരിന്‍റെ പിന്തുണ കിട്ടിയിട്ടില്ലെന്ന് മേജര്‍ രവി ആരോപിക്കുന്നു.
''പണം കൊടുക്കാതെ സ്ഥലം തരേണ്ടത് സര്‍ക്കാര്‍ ആയിരുന്നു, അത് തന്നില്ല. ഒരു വര്‍ഷം കഴിഞ്ഞു, രണ്ട് വര്‍ഷമാകുന്നു. വീട് മാത്രം നിര്‍മിക്കാനായിരുന്നില്ല പദ്ധതി, എന്നാല്‍ സര്‍ക്കാര്‍ സഹകരിക്കാത്തത് എന്‍റെ വിശ്വാസ്യതയെയാണ് ബാധിക്കുന്നത്''. മേജര്‍ രവി പറയുന്നു. സ്വകാര്യവ്യക്തികളില്‍ നിന്ന് ഭൂമി പാട്ടത്തിനെടുത്ത് പുന:രധിവാസ പാക്കേജ് നടപ്പാക്കാനാണ് ആലോചനയെന്നും മേജര്‍ രവി വ്യക്തമാക്കി.