പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്മരണയില്‍ 1500 മത് നബിദിനമാചരിച്ച് ഇസ്ലാം മത വിശ്വാസികള്‍. മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് നബിദിന റാലികള്‍ നടന്നു. പാലക്കാട്ടെ നബിദിന റാലിക്കൊപ്പം മാവേലിയും ചേര്‍ന്നു.
തിരുവോണ ദിവസമാണ് നബിദിനവും. നാടൊട്ടുക്കെ ആഘോഷമുണ്ട്. പാലക്കാട് യാക്കര മുറിക്കാവിലെ ഭംഗിയുള്ള കാഴ്‌ചയാണിത്. നബിദിനറാലിയില്‍ മാവേലിയും ഒപ്പം ചേര്‍ന്നു. താളമെടുത്തു. മാവേലിയിലെ കുട്ടികള്‍ ദഫുമുട്ടി സ്വീകരിച്ചു. കോഴിക്കോട് സുന്നി ഫെഡറേഷന്‍റെ നേതൃത്വത്തില്‍ പരപ്പില്‍ ബീച്ചില്‍ നിന്ന് തുടങ്ങിയ റാലി എംകെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. വിവിധ കലാമത്സരങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടന്നു. പ്ലക്കാര്‍ഡുകളും പൂക്കളും കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള റാലിയില്‍ ദഫ് മുട്ടും അരങ്ങേറി..
കാസര്‍കോട് പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ തളങ്കര മാലിക് ദിനാറില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. കണ്ണൂരില്‍ തള്ളിപ്പറമ്പില്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ, കോളജ് , ഹൈവേ ഹിദായത്തുല്‍ ഇസ്ലാം സഭ തുടങ്ങിയവ നബി ദിന റാലിക്ക് നേതൃത്വം നല്‍കി. മലപ്പുറത്തും പലയിടങ്ങളിലായി ആഘോഷപരിപാടികള്‍ നടന്നു. വയനാട്ടില്‍ മുണ്ടകൈ മദ്രസയില്‍ നിന്നു ചൂരല്‍മല പള്ളിയിലേക്ക് നടന്ന റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു. ബത്തേരിയിലും വെള്ളമുണ്ടയിലും നബിദിനറാലി നടന്നു. ഇന്ന് വെള്ളിയാഴ്‌ചയായതിനാല്‍ ഭൂരിഭാഗമിടത്തും ആഘോഷം നാളത്തേക്ക് മാറ്റിയിട്ടുണ്ട്