sharjah-suicide-athulya-body-cremated-husband-lookout

ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ കൂടുതല്‍ ദുരൂഹതകള്‍ ഉയര്‍ത്തി റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതക സാധ്യതയിലേക്ക് കൂടി വിരല്‍ചൂണ്ടുന്നതാണ് റിപ്പോര്‍ട്ട്. കഴുത്ത് ഞെരിഞ്ഞാണ് അതുല്യയുടെ മരണം സംഭവിച്ചതെന്നും ഇത് കൊലപാതകമോ ആത്മഹത്യയോ ആകാമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 

ചെറുതും വലുതുമായി 46 മുറിവുകള്‍ അതുല്യയുടെ ശരീരത്തില്‍ കണ്ടെത്തി. ഇതില്‍ പലതും മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മുതല്‍ ഒരാഴ്ച വരെ പഴക്കമുള്ളതാണ്. അതുല്യയെ ഭര്‍ത്താവ് സതീഷ് അതിക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ഇപ്പോഴത്തേത് അല്ലെന്നും ദീര്‍ഘകാലം മുന്‍പുള്ളതാണെന്നുമായിരുന്നു സതീഷിന്‍റെ വാദം. 

മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തില്‍ തന്നെയാണ് ക്രൈംബ്രാഞ്ചും ഇപ്പോഴുള്ളത്. സതീഷ് നാട്ടിലെത്തിയെങ്കില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ നിലവില്‍ ലഭ്യമമായ റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം ഈ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. 

ജൂലൈ 19നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷിന് സംശയരോഗമുണ്ടായിരുന്നുവെന്നും അതുല്യ മറ്റാരുമായും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. 2011 ലാണ് അതുല്യയെ സതീഷ് വിവാഹം കഴിച്ചത്. കടുത്ത മദ്യപാനിയായി സതീഷ് മാറിയതോടെ അതുല്യ വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചിരുന്നു. കൗണ്‍സിലിങ് സമയത്ത് അതുല്യയുടെ കാലില്‍ വീണ് മാപ്പു പറഞ്ഞ് തീരുമാനം തിരുത്തിക്കുകയായിരുന്നു. വീണ്ടും വിവാഹമോചനത്തിനായി ശ്രമിച്ചപ്പോള്‍ താന്‍ ജീവനൊടുക്കുമെന്ന് സതീഷ് ഭീഷണിപ്പെടുത്തിയതായും അതുല്യ ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

Atulya death case: The re-postmortem report in the Atulya death case suggests possible foul play. The report indicates strangulation as the cause of death, raising questions of murder or suicide.