Image Credit: Manorama (Joskutty Panackkal)

സംസ്ഥാനത്ത് ഏറ്റവുമധികം റോഡപകട മരണങ്ങള്‍ സംഭവിച്ചത് കൊച്ചിയിലെന്ന് റിപ്പോര്‍ട്ട്. 2023ലേതാണ് റിപ്പോര്‍ട്ട്. മറ്റ് നഗരങ്ങളില്‍ അപകട മരണ നിരക്ക് കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2022 ല്‍ 156 ജീവനുകളാണ് കൊച്ചിയുടെ നിരത്തില്‍ പൊലിഞ്ഞതെങ്കില്‍ 2023 ല്‍ ഇത് 177 ആയി വര്‍ധിച്ചുവെന്ന് മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട് ആന്‍റ് ഹൈവേസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  മലപ്പുറം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ എന്നിലിടങ്ങളില്‍ റോഡപകടമരണങ്ങളില്‍ ഗണ്യമായ കുറവുണ്ടായി.

അമിത വേഗതയെ തുടര്‍ന്ന് 1721 അപകടങ്ങള്‍ കൊച്ചിയിലുണ്ടായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ടി റോഡുകളില്‍ 279 അപകടങ്ങളും പാലത്തില്‍ വച്ച് 54 അപകടങ്ങളുണ്ടാവുകയും നാലുപേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.സൈക്കിള്‍ യാത്രികരില്‍ 6  പേര്‍ അപകടത്തില്‍ മരിക്കുകയും 89 പേര്‍ക്ക് പരുക്കേല്‍ക്കുകയും െചയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2083 റോഡ് അപകടങ്ങളാണ് കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത്. 2022നെ അപേക്ഷിച്ച് 15.3 ശതമാനം വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരമാണ് (21.3 ശതമാനം) ഒന്നാമത്. ആകെയുള്ള അപകടങ്ങളുടെ കണക്കിലും സംസ്ഥാനത്ത് കൊച്ചി രണ്ടാമതാണ്. ഒന്നാമത് മലപ്പുറമാണ്.

കാല്‍നട യാത്രക്കാരെ വാഹനമിടിച്ച കേസുകളിലും മലപ്പുറ(778)ത്തിന് തൊട്ടുപിന്നിലായി കൊച്ചിയുണ്ട് (618). വേനല്‍ക്കാലത്താണ് കൊച്ചിയില്‍ ഏറ്റവുമധികം അപകടങ്ങളുണ്ടായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അപകടത്തില്‍ പരുക്കേറ്റ് മരണം സംഭവിക്കുന്നവരുടെ എണ്ണവും കൊച്ചിയില്‍ കൂടുതലാണ്. ഇരുചക്ര വാഹനങ്ങളുടെ അപകടങ്ങളും കൊച്ചിയില്‍ വന്‍തോതിലുണ്ട്. 1585 ഇരുചക്ര വാഹനങ്ങളാണ് 2023ല്‍ അപകടത്തില്‍പ്പെട്ടത്. അതേസമയം, ഇരു ചക്ര വാഹന അപകടങ്ങളില്‍ ഏറ്റവുമധികം മരണം സംഭവിക്കുന്നത് മലപ്പുറത്താണ്. കൊല്ലവും തൃശൂരുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ നാലാമതാണ് കൊച്ചി. 

മദ്യപിച്ച ്വാഹനമോടിക്കുന്നവരുടെ എണ്ണവും കൊച്ചിയില്‍ വന്‍തോതില്‍ ഉയരുകയാണ്. 2023 ല്‍ 27 അപകടങ്ങളുണ്ടായി. രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കാരണം ഉണ്ടായ അപകടങ്ങളും കൊച്ചിയിലാണ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തത്. 

ENGLISH SUMMARY:

Kochi road accidents lead the state in fatalities, according to a 2023 report. The report indicates a decrease in accident fatality rates in other cities, but an increase in Kochi.