തിരുവോണ നാളിലും സമരങ്ങൾ ഒഴിയാതെ സെക്രട്ടേറിയറ്റ് പരിസരം. 209 ദിവസത്തിലെത്തിയ ആശാസമരം കണ്ണുകെട്ടി മാരത്തൺ ഓട്ടം പരീക്ഷിച്ചപ്പോൾ മറ്റ് സമരക്കാരെല്ലാം ഒഴിഞ്ഞ ഇലയുമായി പട്ടിണി സമരം മാതൃകയാക്കി. കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി ഏജിസ് ഓഫീസിന് മുൻപിൽ ഇലയിട്ട് സി.ഐ.ടി.യുവിന്റെ ലോട്ടറി തൊഴിലാളികളും സമരരംഗത്തിറങ്ങി.
അധികാരികളുടെ കണ്ണിൽപ്പതിയുകയാണ് ഏത് സമരത്തിന്റെ ലക്ഷ്യം. അതിന് പറ്റിയ ടൈമാണ് തിരുവോണദിവസം. പതിവ് സമരക്കാരും പുതിയ സമരങ്ങളുമായി സെക്രട്ടേറിയറ്റ് പരിസരം നിറഞ്ഞു. വിഴിഞ്ഞം - നാവായിക്കുളം റിങ് റോഡിന് ഭൂമി വിട്ടുകൊടുത്തിട്ടും നഷ്ടപരിഹാരം കിട്ടാത്തവർ കഞ്ഞിവച്ച് പ്രതിഷേധിച്ചു.
209–ാം ദിവസത്തിലെത്തിയ ആശാസമരത്തിന് പിന്തുണയുമായി പെരുനെല്ലി കൃഷ്ണകുമാർ 209 മിനിട്ട് നിർത്താതെ കണ്ണുകെട്ടി സെക്രട്ടേറിയറ്ററിന് വലംവച്ച് ഓടി. കെ.എസ്.ആർ.ടി.സി പെൻഷൻകാരും സഹകരണ സ്ഥാപനങ്ങളിലെ കോൺഗ്രസുകാരും പ്രതിഷേധത്തിനിറങ്ങിയപ്പോൾ, ജി.എസ്.ടി ഘടനയിലെ മാറ്റത്തിനെതിരെ ഏ.ജിസ് ഓഫീസിന് മുൻപിൽ കുത്തിയിരുന്നു സി.ഐ.ടി.യു ലോട്ടറി തൊഴിളികൾ. കർഷക കോൺഗ്രസുകാർ മുഖ്യമന്ത്രിയുടെ ക്ളിഫ് ഹൗസിന് മുൻപിൽ പട്ടിണി സമരമിരുന്നു.