എറണാകുളം സ്വദേശിയായ 58 വയസുകാരിയെ കാണാനില്ലെന്ന് പരാതി. സെപ്റ്റംബര്‍ മൂന്നിന് രാവിലെ മുതലാണ് എറണാകുളം ചാലയ്ക്കപ്പാറയിൽ നിന്നും മാനസികാസ്വാസ്ഥ്യമുള്ള കുമാരി എന്ന 58കാരിയെ കാണാതായത്. അന്വേഷണത്തിൽ കാണാതായ ദിവസം തന്നെ 10.30ന് കോട്ടയത്തിനടുത്തുള്ള മാങ്ങാനം ക്രൈസ്താവാശ്രമത്തിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു.
മുൻപ് അവിടെ പഠിച്ചിരുന്ന മകനെത്തേടിയാണ് അവര്‍ എത്തിയതെന്നാണ് അവിടുത്തെ അധികൃതര്‍ അറിയിച്ചത്. അവിടെനിന്ന് ഇറങ്ങിയ കുമാരി എങ്ങോട്ടുപോയെന്ന് ആർക്കുമറിയില്ല. അഞ്ചര അടി ഉയരം, കറുത്തനിറം, നരച്ചതും അല്പം ജഢകെട്ടിയതുമായ മുടി എന്നിവയാണ് കാണാതായ സ്ത്രീയുടെ അടയാളങ്ങള്‍. മുൻനിരയിലെ നാലഞ്ചുപല്ലുകൾ നഷ്ടമായിട്ടുണ്ട്. നിറം മങ്ങിയ റോൾഡ്ഗോൾഡിന്റെ ഒരു മാലയും രണ്ട് വളകളുമാണ് ധരിച്ചിരുന്നത്. കാണാതാവുമ്പോൾ നീല നിറമുള്ള സാരിയായിരുന്നു വേഷം. മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9496302744 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.