കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി ബസ്സും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും രണ്ടു മക്കളും മരിച്ചു. തേവലക്കര സ്വദേശി പ്രിൻസും മക്കളുമാണ് മരിച്ചത്. ജീപ്പിലുണ്ടായിരുന്ന ഭാര്യയെയും മകളെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ വലിയകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ചേർത്തലയിലേക്ക് പോകുകയായിരുന്ന ബസ്സിൽ എതിർ ദിശയിൽ നിന്നും വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു.
പടിഞ്ഞാറ്റിൻകര പൈപ്പ്മുക്ക് സ്വദേശി പ്രിൻസ് തോമസ് (44), മക്കളായ അൽക്ക (5), അതുൽ (14) എന്നിവരാണ് മരിച്ചത്. പ്രിൻസിന്റെ ഭാര്യ ബിന്ദ്യ സൂസൻ വർഗീസ്, മകൾ ഐശ്വര്യ എന്നിവർക്ക് പരുക്കേറ്റു.
ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കിയ ശേഷം വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം ഉണ്ടായത്. തേവലക്കരയിൽ ധനകാര്യ സ്ഥാപനം നടത്തുകയായിരുന്നു മരിച്ച പ്രിൻസ്.
അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. മുൻവശം ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സീറ്റിനു സമീപത്തേക്ക് കയറി. ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ കാറിൽനിന്ന് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ബസ്സിലുണ്ടായിരുന്നവർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.