പ്രമുഖ ഫൊറൻസിക് സർജനും കേരളത്തിലെ ആദ്യ വനിതാ ഫൊറൻസിക് സർജനുമായ ഡോ. ഷേർലി വാസു (68) അന്തരിച്ചു. കോഴിക്കോട്ടെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് സർജൻ എന്ന നിലയിൽ ശ്രദ്ധേയയായ ഡോ. ഷേർലി വാസു, സർവീസ് കാലയളവിൽ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയിരുന്നു. 2016-ൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ച ശേഷം കോഴിക്കോട്ടെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ഫൊറൻസിക് വിഭാഗം മേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു.

ഏകദേശം ഇരുപതിനായിരത്തോളം പോസ്റ്റ്‌മോർട്ടങ്ങൾ നടത്തിയിട്ടുള്ള ഡോ. ഷേർലി വാസുവിന്റെ 'പോസ്റ്റ്‌മോർട്ടം ടേബിൾ' എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്. സൗമ്യ കേസ് ഉൾപ്പെടെയുള്ള അതിനിർണായക കേസുകളിൽ ഇവർ എടുത്ത നിലപാടുകൾ ഏറെ ചർച്ചയായിരുന്നു. മുക്കത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ ഫൊറൻസിക് വിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം കോഴിക്കോട്ടെ മായനാടുള്ള വസതിയിലേക്ക് കൊണ്ടുപോകും.

ENGLISH SUMMARY:

Dr. Shirley Vasu, Kerala's first female forensic surgeon, passed away at 68. She was known for her expertise in forensic medicine and her involvement in high-profile cases.