police-kunnamkulam-probe
  • സസ്പെന്‍ഷന്‍ പോലുമില്ലാതെ രക്ഷിച്ചെടുത്ത് ഉന്നതര്‍
  • രണ്ടുവര്‍ഷത്തെ ശമ്പളം വര്‍ധന തടഞ്ഞു
  • സുജിത്തിന് മര്‍ദനമേറ്റത് 2023 ഏപ്രില്‍ 5ന്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ മൂന്നാംമുറ പൊലീസ് പ്രയോഗിച്ചെന്ന് എസിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. കൊടുത്തത് നല്ല ഇടിയെന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2023ലെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമന്യൂസിന് ലഭിച്ചു. അതേസമയം ഗുരുതരമായ വീഴ്ച കണ്ടിട്ടും പൊലീസുകാരെ സംരക്ഷിച്ചുള്ള നടപടിയാണ് ഉന്നതര്‍ സ്വീകരിച്ചത്. എസ്ഐ അടക്കം മൂന്നുപേര്‍ക്കെതിരെ നടപടിയെടുത്തെന്നാണ് വാദമെങ്കിലും രണ്ട് വര്‍ഷത്തെ ശമ്പള വര്‍ധന തടയുക മാത്രമാണുണ്ടായത്. സസ്പെന്‍ഷന്‍ പോലും ഉണ്ടായില്ല. ഒരു കുറ്റത്തിന് രണ്ടുതവണ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് ഉന്നതരുടെ വാദം. 

അതേസമയം, മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ.  മര്‍ദനത്തില്‍ ഭാഗമായ മുഴുവന്‍പേരെയും ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിയേക്കും. തുടർ നടപടിക്ക് നിയമസാധുത പരിശോധിക്കാൻ ഡിജിപി ഉത്തര മേഖല ഐജിക്ക് നിർദേശം നൽകി. 

2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റായ വി.എസ്.സുജിത്തിന് സ്റ്റേഷനില്‍ വച്ച് ക്രൂരമര്‍ദനമേറ്റത്. വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് പ്രകാരമാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വഴിയരികില്‍ നിന്ന തന്‍റെ സുഹൃത്തുക്കളെ അകാരണമായി പൊലീസ് ഭീഷണിപ്പെടുത്തിയത് എന്തിനെന്ന് ചോദിച്ചെന്നാണ് പൊലീസുകാര്‍ സുജിത്തിനെ മര്‍ദിച്ചത്. എസ്ഐ നുഹ്മാന്‍ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മർദ്ദിക്കുകയുമായിരുന്നു. സ്റ്റേഷനില്‍ വച്ച് എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് ദേഹോപദ്രവം ഏല്‍പ്പിച്ചത്.

ENGLISH SUMMARY:

Police brutality in Kunnamkulam is under investigation after a Youth Congress leader was allegedly assaulted. The incident involves allegations of third-degree torture, prompting scrutiny of police conduct and potential disciplinary actions.