ഓണക്കാലത്ത് മായം കലര്‍ന്ന പാലുമായി കേരളത്തിലേക്ക് വന്നാല്‍ പിടിവീഴും. സംസ്ഥാന അതിര്‍ത്തിയില്‍ ഇരുപത്തിനാല് മണിക്കൂറും ക്ഷീരവികസന വകുപ്പിന്‍റെ പരിശോധനയ്ക്ക് പുറമെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും പ്രത്യേക പരിശോധനയുണ്ട്. പാല്‍വരവ് പതിവില്‍ നിന്നും ഇരട്ടി അളവായി കൂടിയിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ പാലിച്ചാണ് കമ്പനികള്‍ പാല്‍ എത്തിക്കുന്നതെന്ന് ക്ഷീരവികസന വകുപ്പ്.
അതിര്‍ത്തി കടന്ന് അതിരില്ലാതെ ഭക്ഷണസാധനങ്ങളെത്തുന്ന കാലം. ഓണക്കാലത്ത് മലയാളിയുടെ പാല്‍ ഉപയോഗം രണ്ടിരട്ടിയായി കൂടുന്നതും പതിവ്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കൂടിയ അളവ് പാല്‍ കേരളത്തിലേക്ക് എത്തുന്നത്. മായം കലര്‍ത്തിയുള്ള പാല്‍ വരവിനുള്ള സാധ്യതയും കൂടുതല്‍. ഇതിനെ തടയുന്നതിനാണ് ക്ഷീരവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗവും കൃത്യമായി സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കൊഴുപ്പ് ഉള്‍പ്പെടെയുള്ള ഗുണനിലവാരവും യൂറിയ ഉള്‍പ്പെടെയുള്ള മായവും പരിശോധിച്ച് ഉറപ്പാക്കിയാണ് വാഹനങ്ങളുടെ തുടര്‍യാത്ര അനുമതി.
തിരുവോണത്തലേന്ന് വരെയാണ് പാറശ്ശാല, ആര്യങ്കാവ്, വാളയാര്‍, മീനാക്ഷിപുരം ഉള്‍പ്പെടെയുള്ള അതിര്‍ത്തിയില്‍ ക്ഷീരവികസന വകുപ്പിന്‍റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും സംയുക്ത പരിശോധനയുള്ളത്. ഓണക്കാലത്ത് പാല്‍ വരവ് ഇരട്ടിയായിട്ടുണ്ടെങ്കിലും മായം കലര്‍ന്ന സാംപിളുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.