ശബരിമല സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്ന് പറയാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കഴിഞ്ഞ അധ്യായമെന്ന് മാത്രമേ പറയാനാവൂ. ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം വളരെ വലുതാണ്. വിശ്വാസികൾക്കൊപ്പമാണ് സിപിഎം. കമ്മ്യൂണിസ്റ്റുകാരിൽ ഉൾപ്പെടെ ഭൂരിഭാഗം വിശ്വാസികളാണ്. വിശ്വാസികൾക്കെതിരായ നിലപാടല്ല സർക്കാർ സ്വീകരിക്കുന്നത്. അമ്പലത്തിൽ പോകാം, പള്ളിയിൽ പോകാം. പോകാതെയുമിരിക്കാം. വർഗീയ വാദികളെ അകറ്റി നിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എം.വി.ഗോവിന്ദൻ ചെമ്പഴന്തിയിൽ പറഞ്ഞു.
അതേസമയം ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അങ്ങനെ പറഞ്ഞൊഴിയുന്ന സിപിഎം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഭക്തരോട് അൽപമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ പമ്പയിലെ സമ്മേളനത്തിനു മുൻപ് ശബരിമലയിലെ ആചാരങ്ങൾക്കെതിരായി സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.