നെഹ്റു ട്രോഫി വള്ളംകളി കഴിഞ്ഞെങ്കിലും തർക്കം തീരുന്നില്ല. ഇത്തവണ തർക്കം ഒന്നാം സ്ഥാനത്തെ ചൊല്ലിയല്ല, രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ്. ഇതുവരെ പത്തിലേറെ പരാതികളാണ് ലഭിച്ചത്. പരാതിക്കാരെ കേട്ട്, ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ശേഷം ജൂറി ഓഫ് അപ്പീൽ കമ്മിറ്റി തീരുമാനിക്കും.
കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണ ഒന്നാം സ്ഥാനത്തെക്കുറിച്ച് സംശയം ഒന്നുമില്ല. വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ തന്നെ ജലരാജാവ്. രണ്ടാമത് ഫിനിഷ് ചെയ്തത് പുന്നമട ബോട്ട് ക്ലബിന്‍റെ നടുഭാഗം. എന്നാൽ നിശ്ചിത എണ്ണത്തിലധികം ഇതര സംസ്ഥാ തുഴച്ചിൽക്കാർ വള്ളത്തിലുണ്ടായിരുന്നു എന്നാണ് ഇവർക്കെതിരായ പരാതി. പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ മേൽപാടം, നിരണം ബോട്ട് ക്ലബിൻ്റെ നിരണം ചുണ്ടൻ, യുബിസി കൈനകരി തുഴഞ്ഞ തലവടി ചുണ്ടൻ എന്നിവയ്ക്കെതിരെ പുന്നമട ബോട്ട് ക്ലബും പരാതി നൽകിയിട്ടുണ്ട്. പന കൊണ്ടുള്ള തുഴയ്ക്ക് പകരം കുറച്ചു തടിത്തുഴയും ഫൈബർ തുഴയും ഉപയോഗിച്ചെന്നാണ് ആരോപണം. ഒന്നാം സ്ഥാനം മാത്രമേ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളു.
ഇതുവരെ പത്തോളം പരാതികളാണ് കിട്ടിയിട്ടുള്ളത്. പരാതിക്കാരെ ആദ്യം കേൾക്കുകയും വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്യും. ഓണം കഴിഞ്ഞായിരിക്കും തീരുമാനം ഉണ്ടാകുക. ഫല പ്രഖ്യാപനം കോടതി കയറാനും സാധ്യതയുണ്ട്. അന്തിമ വിധി പ്രഖ്യാപിക്കുന്നതിന് നിയപരമായി ഒരു മാസം സമയവുമുണ്ട്. എന്നാലിത് ചാപ്യംൻസ് ബോട്ട് ലീഗ് മൽസരത്തെ ബാധിക്കുമോ എന്നാണ് ആശങ്ക ഉയരുന്നു. നെഹ്റുട്രോഫിയിൽ കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത ഒൻപതു വള്ളങ്ങളാണ് സിബിഎല്ലിൽ പങ്കെടുക്കുക. രണ്ടാം സ്ഥാനത്തിൽ തീരുമാനമായാലേ മറ്റു ഫലവും പ്രഖ്യാപിക്കാനാകുള്ളു. തർക്കം തീർക്കാതെ വള്ളങ്ങൾക്കുള്ള ബോണസ് വിതരണവും നടത്താനാവില്ല.