കോഴിക്കോട് എരഞ്ഞിപ്പാലത്ത് അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ട വിദ്യാർഥിനി ആയിഷ റഷയെ ഭീഷണിപ്പെടുത്തി ആണ് സുഹൃത്ത് ബഷീറുദീൻ കോഴിക്കോട് എത്തിച്ചത് എന്ന് ബന്ധു മുസ്തഫ മനോരമ ന്യൂസിനോട്. ഫോട്ടോ കാണിച്ചാണ് ഭീഷണിപ്പെടുത്തിയത്. ഒരുപക്ഷേ ഇത് മോർഫ് ചെയ്ത ഫോട്ടോ ആകാം. ആയിഷയുടേത് ആത്മഹത്യ ആണെന്ന് കുടുംബം വിശ്വസിക്കുന്നില്ല. കൊലപാതകം ആകാൻ ആണ് സാധ്യത എന്നും മുസ്തഫ കോഴിക്കോട് പറഞ്ഞു. അതേസമയം ആയിഷ റഷയുടെ മരണം ആത്മഹത്യ ആണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തില്‍ കയര്‍ കുരുങ്ങിയ പാടുകളുമുണ്ട്.
മംഗലാപുരത്ത് ബിഫാം മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച 21കാരി ആയിഷ റഷ. കഴിഞ്ഞ ദിവസമാണ് മംഗലാപുരത്ത് നിന്നും ആയിഷ കോഴിക്കോട് എത്തിയത്. ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഒപ്പം താമസിച്ചിരുന്ന ബഷീറുദീനില്‍ നിന്ന് പൊലീസ് മൊഴിയെടുക്കുകയാണ്. മലാപ്പറമ്പിലെ ജിം ട്രെയിനര്‍ ആയ ബഷീറുദീന്‍ ആണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്.
മരണത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കോളജിലെ ഓണപരിപാടിയില്‍ പങ്കെടുക്കാന്‍ പോകണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെ ബഷീറുദീന്‍ നിരാകരിച്ചതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തൊട്ടുപിന്നാലെ ആയിഷ ജീവനൊടുക്കുകായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.