പത്തനംതിട്ട തിരുവല്ലയിൽ യുവതിയെയും കുഞ്ഞുങ്ങളെയും കാണാതായതിന് പിന്നാലെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 2 ആഴ്ച മുമ്പാണ് പത്തനംതിട്ട സ്വദേശി റീനയെയും രണ്ടു പെൺകുഞ്ഞുങ്ങളെയും കാണാതായത്. റീനയുടെ ഭർത്താവ് അനീഷ് മാത്യുവിനെയാണ് (41) കവിയൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മയെയും കുഞ്ഞുങ്ങളെയും കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. റീനയും മക്കളും ബസില്‍ യാത്ര ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റീനയും അനീഷും തമ്മിലെ പ്രശ്നം നേരത്തെ ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചിരുന്നു.
അനീഷിന്‍റെ മരണത്തിന് പിന്നാലെ പൊലീസിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. ഭാര്യയുടെയും മക്കളുടെയും തിരോധാനത്തില്‍ അനീഷിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ദിവസവും സ്റ്റേഷനിലേക്ക് വിളിച്ച് കുറ്റം കെട്ടിവയ്ക്കാന്‍ ശ്രമിച്ചുവെന്നും സമ്മര്‍ദം സഹിക്കവയ്യാതെയാവാം ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ പറയുന്നു. പുളിക്കീഴ് സി.ഐക്കും എസ്.ഐക്കുമെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.