.
സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ മുന്‍മന്ത്രി കടകം പളളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവിന്‍റെ പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതികളുടെ വെളിപ്പെടുത്തലില്‍ അന്വേഷണം മുറുകുന്നതിനിടെയാണ് സമാനമായ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തിറങ്ങിയിരിക്കുന്നത്.
സിപിഎം നേതാവ് കടകംപളളി സുരേന്ദ്രന്‍ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് നേതാവും പോത്തന്‍കോട് ബ്ളോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ എം മുനീറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിലെ വിവാദ നായിക സ്വപ്ന സുരേഷ് ചാനല്‍ അഭിമുഖങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം.
കടകംപളളി സുരേന്ദ്രന്‍റ ഭാഗത്ത് നിന്ന് മോശമായ സംഭാഷണവും ലൈംഗിക ദുരുദ്ദേേശത്തോട് കൂടിയുളള പെരുമാറ്റവും ഉണ്ടായെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. മറ്റൊരു സ്ത്രീയുമായി നടത്തുന്ന അശ്ലീല സംഭാഷണവും കടകംപളളിയുടേതെന്ന പേരില്‍ പ്രചരിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളിലും സ്ത്രീകളെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും ഇരകളുടെ പരാതിയോ മൊഴിയോ ലഭിച്ചിട്ടില്ല. മറ്റുളളവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഈ ഘട്ടത്തിലാണ് മുതിര്‍ന്ന സിപിഎം നേതാവിനെതിരെ കോണ്‍ഗ്രസ് നേതാവ് പരാതിയുമായി രംഗത്തെത്തുന്നത്.