കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബി.അശോക് നിയമനടപടിക്ക്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും. സെപ്റ്റംബര്‍ 8 വരെ അവധിയില്‍ പ്രവേശിച്ച അശോക് കെടിഡിഎഫ്സി ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കില്ല.
ടിങ്കു ബിസ്വാളിനാണ് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിട്ടുള്ളത്. കേര പദ്ധതിക്കായി കൃഷിവകുപ്പിന് ലോകബാങ്ക് അനുവദിച്ച ഫണ്ട് ധനവകുപ്പ് വകമാറ്റിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. കൃഷിമന്ത്രിയുടെ ഓഫിസിലെ രേഖ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ചോര്‍ത്തിയെന്ന വിവാദം നിലനില്‍ക്കുന്നതിനിടെയാണ് അശോകിന് സ്ഥാനചലനമുണ്ടായത്.
കൃഷിവകുപ്പിന്‍റെ രേഖ മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ശേഖരിച്ചുവെന്ന ആക്ഷേപം അശോക് കൃഷിമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ഇടപെടലുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുടെ നീരസം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. ഈ വാര്‍ത്ത മനോരമ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ഇടപെടലുമായി ബന്ധപ്പെട്ട് നിരന്തരം വിവാദമുയരുന്നതിലെ അതൃപ്തിയാണ് സ്ഥാനചലനത്തിന് കാരണമെന്നാണ് സൂചന.