മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച താമരശ്ശേരി ചുരത്തിലെ വാഹന നിയന്ത്രണം നീക്കി. ഒറ്റവരിയായി വാഹനങ്ങൾ കടത്തി വിടാനാണ് ജില്ല കലക്ടർമാരുടെ യോഗത്തിൽ തീരുമാനമായത്. അതെ സമയം മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള നിരോധനം തുടരും.
നിയന്ത്രണങ്ങള്‍ നീക്കിയതോടെ മൂന്ന് ദിവസമായി കുടുങ്ങി കിടന്ന ചരക്കു വാഹനങ്ങൾക്കടക്കം വൈകിട്ടോടെ ചുരമിറങ്ങി. ചുരത്തിൽ പൊലീസ് നിരീക്ഷണവും ചരക്കു വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണവും ഒരുക്കാനുമാണ് തീരുമാനം. ഒമ്പതാം വളവിൽ പാർക്കിങ് നിരോധിച്ച് ഹെയർപിൻ വളവുകളിൽ സ്ലോട്ട് തീരുമാനിക്കും, ഇത് അനുസരിച്ചാകും വലിയ വാഹനങ്ങൾ കടത്തിവിടുക. ചുരം വ്യു പോയിന്‍റിൽ വാഹനം നിർത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി. പാറയും മണ്ണും വീണ സ്ഥലത്ത് ഡ്രോൺ നിരീക്ഷണം നടത്തി സ്ഥിതി വിലയിരുത്തും. മഴ ശക്തി പ്രാപിച്ചാൽ മറ്റു വാഹനങ്ങൾങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാണ് തീരുമാനം. അതേസമയം ചുരത്തിലെ മണ്ണിടിച്ചിലിൽ ഗുരുതരമായ ഏകോപന പ്രശ്നം ഉണ്ടായതായി ടി സിദ്ധിഖ് എംഎൽഎ ആരോപിച്ചു
ചുരത്തിലെ മണ്ണിടിച്ചിൽ പോസ്റ്റ് മൺസൂൺ ഇംപാക്ടാണെന്നാണ് കണ്ടെത്തൽ. 100 ദിവസമായി തുടർച്ചയായി മഴ പെയ്തതാണ് മണ്ണും പാറയും വരാൻ കാരണം. ഇനിയും മണ്ണിടിയാനുള്ള സാധ്യത മുന്നിൽ കണ്ട് അതീവ ജാഗ്രതയാണ് ചുരത്തിൽ നൽകിയിരിക്കുന്നത്. 80 അടി ഉയരത്തിൽ മലയിൽ പൊട്ടൽ ഉണ്ടായിട്ടുണ്ടെന്ന് വിദഗ്ദ്ധ സംഘത്തിന്‍റെ പരിശാധനയിൽ കണ്ടെത്തിയിരുന്നു.