കഴിഞ്ഞ തവണത്തെ കണക്കുതീർത്ത് എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടനും കൈനകരി വില്ലേജ് ബോട്ട് ക്ലബും. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് ഒരു വർഷത്തെ ഇടവേളക്ക് ശേഷമുള്ള വിയപുരത്തിൻ്റെ കിരീടധാരണം. 1988 ൽ തങ്ങളുടെ ഹാട്രിക് മോഹം തകർത്ത പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ ഡബിൾ ഹാട്രിക് മോഹം തകർത്തത് വില്ലേജ് ബോട്ട് ക്ലബ്ബിന് മധുരപ്രതികാരമായി.
പക വീട്ടാനുള്ളതാണെങ്കിൽ, കണക്കുകൾ തീർക്കാനുള്ളതാണെങ്കിൽ, ലോകമേ കാണുക. വീയപുരത്തിന്റെ വീരുവത് ചെയ്തിരിക്കുന്നു. കഴിഞ്ഞതവണ തർക്കത്തിനും, മില്ലി സെക്കന്റിന്റെ വ്യത്യാസത്തിനും നഷ്ടപ്പെട്ട കിരീടം ഇത്തവണ ആധികാരികമായി കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിലൂടെ തന്നെ വീയപുരം ചുണ്ടൻ തിരിച്ചുപിടിച്ചു. വില്ലേജ് ബോട്ട് ക്ലബ്ബിനിത് മൂന്നാം കിരീടമാണ്.
4:21:084 ൽ വീയപുരം ഫിനിഷിങ് ലൈനിൽ കുതിച്ചെത്തിയപ്പോൾ, ഒരു സെക്കൻഡിൽ താഴെ വ്യത്യാസത്തിൽ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാമതായി. കഴിഞ്ഞ അഞ്ചുതവണയും നെഹ്റു ട്രോഫിയിൽ മുത്തമിട്ട പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മേൽപ്പാടം മൂന്നാമതായപ്പോൾ, കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിച്ച നിരണത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ലൂസേഴ്സ് ഫൈനലിൽ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടൻ വിജയിച്ചു. മന്ത്രി മുഹമ്മദ് റിയാസാണ് വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഇതിനിടെ പരാതികൾക്കും പഞ്ഞമില്ല. ഇതരസംസ്ഥാന തുഴച്ചിൽക്കാരുടെ എണ്ണം അനുവദനീയമായതിൽ കൂടുതൽ എന്നാരോപിച്ച് നടുഭാഗം ചുണ്ടനെതിരെ ഫൈനലിൽ എത്തിയ മറ്റ് മൂന്ന് ചുണ്ടൻ വള്ളങ്ങളും, ഫൈബർ തുഴകൾ ഉപയോഗിച്ചു എന്നാരോപിച്ച് നിരണത്തിനും മേൽപ്പാടത്തിനുമെതിരെ നടുഭാഗവും പരാതി നൽകി.