കണ്ണൂർ അലവിലിൽ മന്ത്രി എ.കെ.ശശീന്ദ്രന്റെ സഹോദരിയുടെ മകൾ എ.കെ.ശ്രീലേഖയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കേറ്റ അടിയും പൊള്ളലേറ്റതുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 69കാരിയായ ശ്രീലേഖയെ ഭർത്താവ് പ്രേമരാജൻ ചുറ്റിക കൊണ്ട് തലക്കടിച്ചു വീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകകായിരുന്നു.
ഇന്നലെ വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രീലേഖയെയും 75 കാരനായ ഭർത്താവ് കല്ലാളത്തിൽ പ്രേമരാജനെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മകൻ വിദേശത്തുനിന്ന് നാട്ടിലെത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെയായിരുന്നു മരണം. തലക്കേറ്റ അടിയല്ല, പൊള്ളലേറ്റാണ് മരണം എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ശ്രീലേഖയെ കൊന്നശേഷം പ്രേമരാജൻ സ്വയം തീകൊളുത്തുകയായിരുന്നു. പ്രേമരാജനും ശ്രീലേഖയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടോ എന്നതിൽ ബന്ധുക്കൾക്കും യാതൊരു വിവരവും ഇല്ല. സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും പ്രേമരാജന്‍ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ശ്രീലേഖയുടെ ബന്ധു പറഞ്ഞു.
മൃതദേഹത്തിന് അടുത്തുനിന്ന് തന്നെ ഹാമർ ലഭിച്ചതാണ് ശ്രീലേഖയുടെ കൊലപാതകം ആണെന്ന് നിഗമനത്തിലേക്ക് പൊലീസിനെ എത്താൻ സഹായിച്ചത്. വാതിലുകൾ കുറ്റിയിട്ടിരുന്നതിനാൽ മൂന്നാമതൊരാളുടെ ഇടപെടൽ പൊലീസ് സംശയിച്ചിട്ടില്ല. വളപട്ടണം പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.