കുത്താട്ടുകുളം നഗരസഭയിൽ സി.പി.എം വിമത കലാരാജു യുഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർഥിയാകും. നാളെയാണ് ചെയർപഴ്സൻ തിരഞ്ഞെടുപ്പ്. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ നഗരസഭയിൽ എല്‍ഡിഎഫിന് ഭരണം നഷ്ടമായിരുന്നു.
അവിശ്വാസത്തിൽ കലാരാജുവും സ്വതന്ത്ര അംഗം പി.ജി.സുനിൽ കുമാറും യുഡിഎഫിനെ പിന്തുണച്ചതോടെയാണു കൂത്താട്ടുകുളം നഗരസഭയിൽ അധ്യക്ഷ വിജയ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് എന്നിവർ പുറത്തായത്. ചെയർപേഴ്സൺ സ്ഥാനത്തേയ്ക്ക് തന്നെ പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വത്തോട് കലാ രാജു ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി അനൂപ് ജേക്കബ് എം.എൽ.എ, ഡി.സി.സി. പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് കലയ്ക്ക് ചെയർപേഴ്സൺ സ്ഥാനം നൽകാൻ തീരുമാനിച്ചത്.
വൈസ് ചെയർമാൻ സ്ഥാനത്തേയ്ക്ക് സ്വതന്ത്ര അംഗം പി.ജി.സുനിൽ കുമാറിനെയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ നഗരസഭയുടെ മുൻപിൽ നിന്ന് കലാ രാജുവിനെ സിപിഎം പ്രവർത്തകർ തട്ടി കൊണ്ടു പോയിരുന്നു.