കേരളത്തില്‍ റേഷന്‍ കടകള്‍ വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നത് മോദി അരിയാണെന്നാണ് മലയാളി കൂടിയായ കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യൻ്റെ വാദം. ഓണത്തിന് അധിക അരി നല്‍കാത്ത കേന്ദ്രനടപടിയെ വിമര്‍ശിച്ച സംസ്ഥാന സര്‍ക്കാരിനെതിരെയാണ് കേന്ദ്രമന്ത്രിയുടെ വിചിത്ര അവകാശവാദം.യഥാര്‍ഥത്തില്‍ പാവം മലയാളികൾ കഴിക്കുന്ന അരി ആരുടെതാണ്?.
മൻമോഹൻ സിംഗ് സർക്കാർ പാസാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൻ്റെ വരവോടെ പൗരന് ഭക്ഷ്യധാന്യം എത്തിക്കേണ്ടത് കേന്ദ്രത്തിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ചുരുക്കത്തിൽ അരിക്ക് പേരിടാൻ ആവില്ല. അത് പൗരന്റെ മൗലികാവകാശമാണ്.
ഇത്തവണ ഓണക്കാലത്ത് അധിക അരിക്കായി കേരളം കേന്ദ്രത്തെ സമീപിച്ചിരുന്നോ?, ഉണ്ട് എന്നതാണ് ഉത്തരം. ലഭിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് ഉത്തരം. എഫ്സിഐയിൽ നിന്ന് കിലോയ്ക്ക് 24 രൂപ നിരക്കിൽ ഒഎംഎസ് ടീമിലൂടെ സംഭരിക്കാനായിരുന്നു കേന്ദ്രത്തിന്റെ നിർദേശം.ഇനി കേരളത്തിലെ ഓരോ കാർഡിനും ഈ ഓണക്കാലത്ത് എത്ര അധികാരി കിട്ടുമെന്ന് നോക്കാം.
വെള്ള കാർഡ് -സാധാരണ കിട്ടുന്ന രണ്ട് കിലോയ്ക്ക് പുറമെ 10 രൂപ 90 പൈസയ്ക്ക് 15 കിലോ.
നീല കാർഡ് - കിലോയ്ക്ക് 4 രൂപ നിരക്കിൽ കുടുംബത്തിലെ ഓരോ അംഗത്തിനും കിട്ടുന്ന രണ്ട് കിലോ വീതം അരിക്ക് പുറമേ 10 രൂപ 90 പൈസയ്ക്ക് 10 കിലോ അരി.
ചുവപ്പ് - കാർഡിലെ ആളൊന്നിന് ലഭിക്കുന്ന 5 കിലോ അരിക്ക് പുറമേ 10 രൂപ90 പൈസയ്ക്ക് അഞ്ച് കിലോ ഓണം അരിയും ലഭ്യമാകും.
മഞ്ഞ കാർഡ് - 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പുമുള്ളതിനാൽ പ്രത്യേകം ഇല്ല.
ഇനി ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഓരോ കിലോ അരിയും കേന്ദ്രത്തിന് എട്ട് രൂപ 90 പൈസ നൽകിയാണ് കേരളം വാങ്ങുന്നത്. കേരളത്തിലെ നീലക്കാർഡ് ഉടമകൾ കേന്ദ്രത്തിന്റെ പരിധിയിൽ വരാത്തതിനാൽ അവർക്ക് നാല് രൂപ നിരക്കിൽ നൽകുന്ന അരിയുടെ ബാധ്യതയും സംസ്ഥാനസർക്കാരാണ് വഹിക്കുന്നത്. ചുരുക്കത്തിൽ നമ്മൾ കഴിക്കുന്ന അരിയുടെ അവകാശവുമായി ആരും ഇറങ്ങിത്തിരിക്കേണ്ടതില്ല.