ശനിയാഴ്ച കൂടി അവധി കിട്ടിയാലും മറ്റ് ആനുകൂല്യങ്ങളൊന്നും വിട്ടുനല്‍കാനാവില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍. പ്രവൃത്തി സമയം കൂട്ടാനും മറ്റ് അവധികള്‍ കുറയ്ക്കാനുമുള്ള സര്‍ക്കാര്‍ നീക്കത്തെയാണ് എതിര്‍ക്കുന്നത്. അതിനിടെ പ്രവൃത്തി ദിനം അഞ്ചായി ചുരുക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫിസില്‍ ഫയലുകള്‍ ഇനിയും കുന്നുകൂടുമോയെന്ന ആശങ്കയിലാണ് ജനങ്ങളും പൊതുപ്രവര്‍ത്തകരും.  

അവധി വേണം. പക്ഷേ കൈയിലുള്ളതൊന്നും വിട്ടുകൊടുക്കാന്‍ തയാറല്ല. കാഷ്വല്‍ അവധി ഇരുപതില്‍ നിന്നും പതിനഞ്ചാക്കുക, ആര്‍ജിതാവധി വര്‍ഷം തോറും മുപ്പത്തി മൂന്നെന്നത് മുപ്പതായി കുറയ്ക്കുക, ഉച്ചഭക്ഷണ സമയത്തെ കുറവ്, രാവിലെ നേരത്തെ എത്തി വൈകിട്ട് താമസിച്ച് മടങ്ങുക. അവധി സറണ്ടര്‍ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. ശനിയാഴ്ചത്തെ അവധിയില്‍ തീരുമാനമെടുക്കാന്‍ ഈ സൗകര്യങ്ങളൊന്നും വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല പ്രതിപക്ഷ ജീവനക്കാരുടെ സംഘടന. 

നേരത്തെയും പലഘട്ടങ്ങളിലായി ഉയര്‍ന്ന ചര്‍ച്ചയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സമയം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ പറയുന്നത്. വെള്ളം, വൈദ്യുതി, വാഹനം തുടങ്ങിയ ചെലവുകള്‍ ശനിയാഴ്ചത്തെ അവധിയിലൂടെ കുറഞ്ഞാല്‍ സര്‍ക്കാരിന് ബാധ്യത കുറയുമെന്ന് വിദഗ്ദര്‍.

നിലവിലെ പ്രവൃത്തിദിനങ്ങളില്‍ പോലും ആത്മാര്‍ഥമായി പണിയെടുക്കാത്തവര്‍ക്ക് ഇനിയും വിശ്രമിക്കാന്‍ കൂടുതല്‍ സമയം നല്‍കേണ്ടതുണ്ടോ എന്ന സംശയവും പലരും ഉയര്‍ത്തുന്നുണ്ട്.

ENGLISH SUMMARY:

Kerala government employees are reluctant to give up existing benefits in exchange for a five-day work week. Concerns are rising among the public and activists regarding potential file accumulation in government offices if working days are reduced.