ട്രംപിന്‍റെ ഇരട്ടിത്തീരുവ പ്രാബല്യത്തില്‍ വന്നതോടെ കേരളത്തിന്‍റെ മത്സ്യക്കയറ്റുമതി രംഗത്ത് ഗുരുതര പ്രതിസന്ധി.ടണ്‍കണക്കിന് സംസ്കരിച്ച മത്സ്യം ഫാക്ടറികളില്‍ കെട്ടിക്കിടക്കുന്നു. അമേരിക്കയിലേക്ക് കയറ്റി അയക്കാനുള്ള ഓഡറുകള്‍ വരും ദിവസങ്ങളില്‍ റദ്ദാകും. ഇതോടെ മത്സ്യസംസ്കരണ ഫാക്ടറികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായി.
ട്രംപിന്‍റെ പിടിവാശിയില്‍ നമ്മുടെ മത്സ്യസംസ്കരണ രംഗത്താകും പ്രതിസന്ധി കടുക്കുന്നത്. 58.3 ശതമാനം തീരുവയടച്ചുവേണം ഇന്ത്യയില്‍ നിന്ന് ചെമ്മീന്‍ ഇറക്കുമതി ചെയ്യാന്‍. ട്രംപിന്‍റെ ഭീഷണി വന്നപ്പോള്‍ തന്നെ ഇന്ത്യയില്‍ നിന്ന് ചെമ്മീന്‍ വാങ്ങാനുള്ള ദീര്‍ഘകാല കരാറുകളെല്ലാം അമേരിക്കക്കാര്‍ മരവിപ്പിച്ചിരുന്നു.ഈ കരാറുകളെല്ലാം ഇനി റദ്ദാകും. ഇല്ലെങ്കില്‍ ഇരട്ടിതീരുവയുടെ ഭാരം നമ്മുടെ കയറ്റുമതിക്കാര്‍ വഹിക്കണം, ഫലമോ– ഒരു കണ്ടെയ്നര്‍ ചെമ്മീന്‍ കയറ്റിവിടുമ്പോള്‍ ഒരു കോടി വരെ വില കിട്ടിയിരുന്നത് പകുതിയോളം കുറയും. ഇല്ലെങ്കില്‍ അമേരിക്കയില്‍ നിന്ന് നമ്മുടെ മീന്‍ വാങ്ങുന്നവര്‍ തീരുവയുടെ ഭാരം വഹിക്കാന്‍ തയ്യാറാകണം. 10 ശതമാനം മാത്രം തീരുവയടച്ച് ഇക്വഡോറില്‍ നിന്ന് മീന്‍ വരുമെന്നിരിക്കെ അമേരിക്കക്കാരന്‍ എന്തിന് നമ്മുടെ വിലകൂടിയ മീന്‍ വാങ്ങണം?
63000 കോടിയുടെ മത്സ്യവിഭവങ്ങളാണ് രാജ്യത്തുനിന്ന് ഒരു വര്‍ഷം കയറ്റിഅയക്കുന്നത്. ഇതില്‍ 21000 കോടിയുടേതും അമേരിക്കയിലേക്കാണ്. പകരം വിപണി കണ്ടെത്തി അവിടേക്ക് കയറ്റുമതി സാധ്യമാകുന്നതുവരെ നമ്മുടെ മത്സ്യസംസ്കരണ മേഖലയ്ക്ക് കൈത്താങ്ങുവേണ്ടി വരും.