pinarayi-vijayan

മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. 1960-ലെ കേരള ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പട്ടയ ഭൂമി വകമാറ്റിയുള്ള ഉപയോഗം ക്രമപ്പെടുത്താനും ജീവനോപാധിക്കായുള്ള വിനിയോഗം അനുവദിക്കാനും പുതിയ ചട്ടങ്ങള്‍ വഴി സാധിക്കും. ഇത് മലയോര ജനതയുടെ ദീർഘകാലമായുള്ള ആവശ്യത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ, ഭൂപതിവ് നിയമഭേദഗതി സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പങ്കുവെച്ചു. മലയോര ജനതയുടെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2016-ൽ സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഇതിനായി വിവിധ ശ്രമങ്ങൾ നടത്തിയിരുന്നു. അതിന്റെ ഫലമായി 2023 സെപ്റ്റംബർ 14-ന് നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതിക്ക് 2024 ഏപ്രിൽ 27-ന് ഗവർണർ അംഗീകാരം നൽകിയിരുന്നു. ജൂൺ 9-ന് നിയമത്തിന്റെ വിജ്ഞാപനം പ്രാബല്യത്തിൽ വന്നു.

"പട്ടയ ഭൂമിയിലെ പ്രശ്നങ്ങൾ പരിഹരിക്കും"

പലപ്പോഴും പട്ടയം ലഭിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. കോടതികളുടെ ഇടപെടലുകളും കർശന നിയന്ത്രണങ്ങളും ഈ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കി. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനാണ് സർക്കാർ ഇപ്പോൾ ചട്ടങ്ങൾക്ക് രൂപം നൽകിയത്.

രാഷ്ട്രീയ പാർട്ടികൾ, സാമുദായിക നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, നിയമ വിദഗ്ധർ എന്നിവരുമായി വിപുലമായ ചർച്ചകൾ നടത്തിയ ശേഷമാണ് ഈ നിയമഭേദഗതി തയ്യാറാക്കിയത്. നിയമസഭ ഐകകണ്ഠ്യേനയാണ് ഇത് പാസാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രണ്ട് പ്രധാന ചട്ടങ്ങൾ

പുതിയ നിയമമനുസരിച്ച് രണ്ട് തരം ചട്ടങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്:

  • പട്ടയം ലഭിച്ച ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങൾ.
  • കൃഷി, വീട് നിർമ്മാണം എന്നിവയ്ക്ക് പതിച്ചുനൽകിയ ഭൂമി ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റ് വിനിയോഗങ്ങൾക്ക് അനുവദിക്കുന്ന ചട്ടങ്ങൾ.

പട്ടയ ഭൂമി ലഭിച്ച ഏതൊരാൾക്കും അവരുടെ ജീവനോപാധിക്കായി ഭൂമി സ്വതന്ത്രമായി വിനിയോഗിക്കാൻ തടസ്സമുണ്ടാകരുത് എന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1964-ലെയും 1995-ലെയും ചട്ടങ്ങൾക്കൊപ്പം, 1970-ലെ കൃഷിയുക്ത വനഭൂമി പതിച്ചുനൽകുന്ന ചട്ടങ്ങൾ ഉൾപ്പെടെ വിവിധ ചട്ടങ്ങൾ പ്രകാരം ലഭിച്ച ഭൂമിയുടെ പ്രശ്നങ്ങളും പുതിയ നിയമം വഴി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Kerala Land Assignment Rules Amendment addresses the long-standing land issues in the hilly regions of Kerala. This amendment allows for the regularization of land use changes and permits the use of land for livelihood purposes, providing significant relief to the people in these areas.